മലയാളിപ്പട പൊതിഞ്ഞു അയർലന്‍ഡില്‍ താരമായി സഞ്ജു സാംസണ്‍

എല്ലാവരോടും ചിരിച്ച് വർത്തമാനം പറഞ്ഞ താരം ആരാധകർക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു

മലയാളിപ്പട പൊതിഞ്ഞു അയർലന്‍ഡില്‍ താരമായി സഞ്ജു സാംസണ്‍

ഡബ്ലിന്‍: അയർലന്‍ഡിനെതിരായ ആദ്യ ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചില്ലെങ്കിലും ഇന്ത്യയുടെ മലയാളി ക്രിക്കറ്റർ സഞ്ജു സാംസണ്‍(Sanju Samson) ഇന്നത്തെ രണ്ടാം മത്സരത്തില്‍(IRE vs IND 2nd T20I) ഇറങ്ങും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ആദ്യ ടി20യില്‍ ​ഗ്രൗണ്ടിന് സമീപം എത്തിയപ്പോഴേ സഞ്ജുവിനെ ആരാധകർ വളഞ്ഞിരുന്നു. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴും സഞ്ജുവിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. 

മലയാളി ആരാധകരുടെ സഞ്ജു വിളികള്‍ മൈതാനത്ത് ഉയർന്നുകേട്ടു. എല്ലാവരോടും ചിരിച്ച് വർത്തമാനം പറഞ്ഞ താരം ആരാധകർക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. ആരാധകർക്കൊപ്പമുള്ള സഞ്ജുവിന്‍റെ വീഡിയോകളും ചിത്രങ്ങളും വൈറലാണ്. 

ഈ വർഷം ഫെബ്രുവരിയില്‍ ശ്രീലങ്കയ്ക്ക് എതിരെയാണ് സഞ്ജു സാംസണ്‍ അവസാനമായി ഇന്ത്യക്കായി ടി20 മത്സരം കളിച്ചത്. ഇന്ത്യക്കായി ഇതുവരെ 13 ടി20കള്‍ കളിച്ച താരം 121.67 സ്ട്രൈക്ക് റേറ്റില്‍ 174 റണ്‍സാണ് നേടിയത്. 39 റൺസാണ് ഉയർന്ന സ്കോർ. 2015 ജൂലൈ 19ന് സിംബാംബ്‍വേയ്ക്കെതിരെ ഹരാരെയിലായിരുന്നു ഇന്ത്യൻ ടീമിൽ സഞ്ജുവിന്‍റെ അരങ്ങേറ്റം. ഇക്കുറി ഐപിഎല്ലില്‍ മികച്ച ഫോമിലാണ് കളിച്ചാണ് ടീമിലേക്ക് സഞ്ജുവിന്‍റെ തിരിച്ചുവരവ്. സഞ്ജു ഈ സീസണിൽ 17 കളിയിൽ രണ്ട് അർധസെഞ്ചുറിയോടെ 458 റൺസെടുത്തിരുന്നു.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ സഞ്ജു സാംസണ്‍ മൈതാനത്തെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഡബ്ലിനില്‍ ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനാണ് കളി തുടങ്ങുക. ആദ്യ മത്സരത്തിലെ ആധികാരിക വിജയം ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും ആത്മവിശ്വാസം നല്‍കും. റുതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതിനാല്‍ ബാറ്റിംഗ് നിരയില്‍ മാറ്റത്തിന് സാധ്യതയുണ്ട്. റുതുരാജ് കളിച്ചില്ലെങ്കില്‍ സഞ്ജു സാംസണോ രാഹുല്‍ ത്രിപാഠിയോ ടീമിലെത്തും.