ശ്രീലങ്കയിൽ നേതാക്കൾക്കെതിരെ ജനരോഷം ശക്തം, മഹിന്ദ രജപക്സെ കുടുംബസമേതം ഒളിവിൽ

മഹിന്ദ രാജപക്സെയെ ക്രമസമാധാന തകർച്ചയുടെ പേരിൽ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലങ്കയിൽ ശക്തമാണ്.

ശ്രീലങ്കയിൽ നേതാക്കൾക്കെതിരെ ജനരോഷം ശക്തം, മഹിന്ദ രജപക്സെ കുടുംബസമേതം ഒളിവിൽ

കൊളംബോ: ജനകീയ രോഷം ശക്തമായതോടെ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചെങ്കിലും ശ്രീലങ്കയിൽ പ്രതിഷേധം തുടരുന്നു (mass protests continues in Srilanka against Rajapaksa Government). രാജിവച്ച  പ്രധാനമന്ത്രി മഹീന്ദ രജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറി. അതേസമയം ഇന്നലെ രാത്രി മുഴുവൻ തുടർന്ന അക്രമ സംഭവങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. ഭരണപക്ഷ എം പി അടക്കം അഞ്ചു പേർ കൊല്ലപ്പെട്ട കലാപത്തിൽ കോടികളുടെ  പൊതുമുതലാണ് ചാരമായത് എന്നാണ് റിപ്പോര്‍ട്ട്. 

സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയിയോടുള്ള  കലിയടങ്ങാതെ ജനക്കൂട്ടം മഹിന്ദ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു ചുറ്റും തടിച്ചുകൂടി. വീടിന് നേരെ തുടരെ തുടരെ  പെട്രോൾ ബോംബുകൾ എറിഞ്ഞ സമരക്കാർ ഏതു നിമിഷവും വസതിക്ക് ഉള്ളിൽ കടക്കുമെന്ന് അവസ്ഥ വന്നതോടെ സൈന്യം വീട് വളഞ്ഞു. വസതിക്ക് ഉള്ളിൽ നിന്ന് സമരക്കാർക്കു നേരെ വെടിവെപ്പ് ഉണ്ടായി. പുലർച്ചെ കനത്ത സൈനിക കാവലിൽ മഹിന്ദ രജപക്സെയെ  രഹസ്യ താവളത്തിലേക്ക് മാറ്റിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. മഹിന്ദ രാജപക്സെയെ ക്രമസമാധാന തകർച്ചയുടെ പേരിൽ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലങ്കയിൽ ശക്തമാണ്.

രജപക്സെ കുടുംബത്തിന്റെ തറവാട് വീടും നിരവധി വസ്തുവകകളും കഴിഞ്ഞ രാത്രിയിൽ സമരക്കാർ കത്തിച്ചു.  മുൻ മന്ത്രിമാരുടെയും എംപിമാരുടേതുമായി അൻപതോളം വീടുകൾ ആക്രമിക്കപ്പെട്ടു.   നൂറു കണക്കിന് വാഹനങ്ങളും സ്ഥാപനങ്ങളും തകർക്കപ്പെട്ടു.  അനുരാധ പുരയിൽ രജപക്സെ കുടുംബവുമായി അടുപ്പം പുല‍ര്‍ത്തുന്ന വ്യവസായ ഗ്രൂപ്പിൻ്റെ പഞ്ച നക്ഷത്ര ഹോട്ടലും കത്തിച്ചു.  സമാധാനപരമായി നടന്ന സർക്കാർ സമരത്തിനിടയിലേക്ക് കടന്നുകയറിയ രജപക്സെ അനുകൂലികൾ സംഘർഷം സൃഷ്ടിച്ചതാണ് രാജ്യം മുഴുവൻ പടരുന്ന കലാപത്തിലേക്ക് നയിച്ചത് എന്ന ആരോപണം ശക്തമാണ്.  സംഭവത്തിൽ വിശദീകരണം തേടി ശ്രീലങ്കൻ മനുഷ്യാവകാശ കമ്മീഷൻ സൈനിക കമാണ്ട‍ര്‍അടക്കമുള്ളവർക്ക് നേരിൽ ഹാജരാകാൻ  നോട്ടീസ് നൽകി.  

പ്രസിഡന്റ ഗൊതബായ രാജപക്സെയും അധികാരം ഒഴിയണമെന്നാണ് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെടുന്നത്.   രജപക്സെ സഹോദരന്മാർ പൂർണ്ണമായി അധികാരം ഒഴിയുംവരെ സർവകക്ഷി സർക്കാരിൽ ചേരില്ലെന്ന് പ്രതിപക്ഷ  നേതാവ് സജിത്ത് പ്രേംദാസ് ആവർത്തിച്ചു.  മന്ത്രിമാർ  രാജ്യം വിടാതിരിക്കാൻ വിമാനത്താവള റോഡുകളിൽ സമരക്കാർ നിലയുറപ്പിച്ചിരിക്കുകയാണ്.  ജനങ്ങൾ ക്ഷുഭിതരായതോടെ പോലീസ് പലയി ടത്തും പിൻവാങ്ങിയിരിക്കുകയാണ് .  ജീവിതം വഴിമുട്ടിയ സാധരണക്കാരും വിദ്യാ‍ര്‍ത്ഥികളുമാണ് സമരം നയിക്കുന്നത് എന്നതിനാൽ ചിലയങ്ങളിൽ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്ക് നേരെയും ആക്രമണ ശ്രമം ഉണ്ടായി.