32ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി മംഗളൂരുവിൽ പിടിയിൽ

32ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി മംഗളൂരുവിൽ പിടിയിൽ

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 624 ഗ്രാം (24 കാരറ്റ്) സ്വർണവുമായി മലയാളി അറസ്റ്റിൽ. കാസർകോട് ഉപ്പട ചിപ്പാർ സുന്നട വീട്ടിൽ ഹനീഫ സീതിക്കുഞ്ഞി(53)യെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് പിടിച്ചെടുത്ത സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 32,72,880 രൂപ വിലവരും. ശനിയാഴ്ച രാവിലെ എത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു ഇയാൾ.

ചെക്ക് ഇൻ ബാഗേജിലെ ഹാർബോർഡ് ബോക്സിന്റെ വശങ്ങൾക്കുള്ളിലായി പശരൂപത്തിൽ സ്വർണം തേച്ചുപിടിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

സംശയം തോന്നിയ കസ്റ്റംസ് അധികൃതർ നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. അറസ്റ്റുചെയ്ത ഇയാളെ വൈദ്യപരിശോധനയ്ക്കുശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി. കസ്റ്റംസ് സൂപ്രണ്ടുമാരായ കെ. സന്തോഷ്‌കുമാർ, എം. ലളിതരാജ്, വി.എസ്. അജിത്‌കുമാർ, സുബേന്തു ബെഹ്റ, റോഹിദാസ് നായക് എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.