കാസർകോട്ടെ ചിട്ടി തട്ടിപ്പ് കേസ്: പ്രതി ഗൾഫിലേക്ക് കടക്കുന്നതിനിടെ അറസ്റ്റിൽ

2019ല്‍ കാസര്‍കോട് ബാങ്ക് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ചന്ദ്രഗിരി ചിട്ടി കമ്പനി നിരവധി നിക്ഷേപകരില്‍ നിന്നായി എട്ടുകോടിയോളം രൂപ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായാണ് പരാതി.

കാസർകോട്ടെ ചിട്ടി തട്ടിപ്പ് കേസ്: പ്രതി ഗൾഫിലേക്ക് കടക്കുന്നതിനിടെ അറസ്റ്റിൽ

കാസര്‍കോട്: കാസര്‍കോട്ടെ ചിട്ടി തട്ടിപ്പ് കേസില്‍ പ്രതി ഗള്‍ഫിലേക്ക് കടക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കുന്ന് മുതിയക്കാല്‍ കണ്ണോല്‍ ഹൗസിലെ എ.എം നിധീഷ് (32) ആണ് അറസ്റ്റിലായത്.
2019ല്‍ കാസര്‍കോട് ബാങ്ക് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ചന്ദ്രഗിരി ചിട്ടി കമ്പനി നിരവധി നിക്ഷേപകരില്‍ നിന്നായി എട്ടുകോടിയോളം രൂപ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായാണ് പരാതി. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. കൊളത്തൂര്‍, ചട്ടഞ്ചാല്‍ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരില്‍ കൂടുതല്‍ പേരും. കൂടുതല്‍ ലാഭം വാഗ്ദാനം നല്‍കിയാണ് പലരില്‍ നിന്നും പണം സ്വരൂപിച്ചത്. പിന്നീട് നിക്ഷേപിച്ച തുകയോ ലാഭമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. മറ്റു നാലുപ്രതികളെ പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവര്‍ ഗള്‍ഫില്‍ കഴിയുന്നതായാണ് വിവരം. കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് നിധീഷ് പിടിയിലായത്.