കന്നഡ ടിവി താരം ചേതന രാജ് അന്തരിച്ചു; മരണം പ്ലാസ്റ്റിക് സർജറിക്കു പിന്നാലെ

കന്നഡ ടിവി താരം ചേതന രാജ് അന്തരിച്ചു; മരണം പ്ലാസ്റ്റിക് സർജറിക്കു പിന്നാലെ

ബെംഗളൂരു ∙ കന്നഡ ടിവി താരം ചേതന രാജ്(21) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയാണ് അന്ത്യം. ഗീത, ദൊരെസാനി തുടങ്ങിയ സീരിയലുകളിലെ പ്രകടനത്തിലൂടെ കുടുംബസദസ്സുകൾക്ക് പ്രിയങ്കരിയായിരുന്നു ചേതന. തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. വൈകിട്ടോടെ
ആരോഗ്യനില വഷളായതിനെത്തുടർന്നാണ് മരിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്കു പിന്നാലെ ശ്വാസതടസ്സം നേരിട്ടതോടെയാണ് നടിയുടെ നില ഗുരുതരമായതെന്നാണ് സൂചന. മാതാപിതാക്കളെ അറിയിക്കാതെ സുഹൃത്തുക്കൾക്കൊപ്പമാണ് ചേതന പ്ലാസ്റ്റിക് സർജറിക്കായി ആശുപത്രിയിൽ എത്തിയത്. ചേതനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി രാമയ്യ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നടിയുടെ മാതാപിതാക്കൾ സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.