ജൽജീവൻ മിഷൻ പദ്ധതി; ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു

ജൽജീവൻ മിഷൻ പദ്ധതി; ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും

കാസർകോട്  ▪️ ജില്ലയിൽ ജൽ ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജൽജീവൻ മിഷൻ പദ്ധതി ജില്ലയിൽ നടപ്പാക്കാൻ കണ്ടെത്തിയ പ്ലാന്റേഷൻ കോർപറേഷന്റെ കൈവശമുള്ള ഭൂമിയിൽ, കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോടൊപ്പം സ്ഥല പരിശോധന നടത്തി. ത്വരിതഗതിയിൽ സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കാൻ പ്ലാന്റേഷൻ കോർപറേഷൻ ഓഫ് ലിമിറ്റഡ് എംഡിക്ക് ജില്ലാ കളക്ടർ യോഗത്തിൽ നിർദേശം നൽകി. 
വലിയപറമ്പ് വില്ലേജിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള സർവ്വേ നമ്പർ 222 - ൽ പെട്ട 15 സെന്റ് ഭൂമി ജൽജീവൻ മിഷൻ വാട്ടർ ടാങ്ക് നിർമ്മാണത്തിനായി ഭൂമി കൈമാറാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ല കളക്ടർ യോഗത്തിൽ ആവശ്യപ്പെട്ടു.

കുമ്പള ഗ്രാമപഞ്ചായത്തിൽപെട്ട ഉജ്ജാർ ഉൾവാർ വില്ലേജിൽ റിസർവേ നമ്പർ 35-ൽപ്പെട്ട 2 ഏക്കർ ഭൂമി പഞ്ചായത്ത് അധികൃതരുമായി സംസാരിച്ചതിനെ തുടർന്ന് ഏപ്രിൽ 27ന് വാട്ടർ അതോറിറ്റി അളന്ന് തിട്ടപ്പെടുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രദേശത്തെ അമ്പലക്കമ്മിറ്റി തടസ്സവാദം ഉത്തയിച്ചതിനെത്തുടർന്ന് ഭൂമി അളക്കാൻ സാധിച്ചിരുന്നില്ല. മെയ് 16ന് ഭൂമിയിൽ സർവേ നടത്താൻ സർവേയർക്ക് നിർദ്ദേശം നൽകാൻ ഡെപ്യൂട്ടി കളക്ടർ (എൽ. ആർ)നോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

ആദൂർ വില്ലേജിൽ റീസർവേ നമ്പർ 404-ൽപ്പെട്ട 20 സെന്റ് ഭൂമി നിലവിൽ കാറഡുക്ക ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽപ്പെട്ട ഭൂമിയാണെന്നും പദ്ധതി നടത്തിപ്പിനായി കേരള വാട്ടർ അതോറിറ്റി ആവശ്യപ്പെട്ട ഭൂമിയിൽ മാറ്റമുള്ളതിനാൽ സ്ഥലപരിശോധന നടത്താൻ സാധിച്ചില്ലെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു.

ജൽ ജീവൻ പദ്ധതി നടത്തിപ്പിനായി ആവശ്യമായ സ്വകാര്യഭൂമി സംബന്ധിച്ച വിവരങ്ങൾ ( മേൽവിലാസം,ഫോൺ നമ്പർ സഹിതം) ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്തിന് അയച്ചുകൊടുക്കാനും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് ജില്ല കളക്ടർ നിർദ്ദേശം നൽകി. ജൽജീവൻ മിഷൻ പദ്ധതി നടത്തിപ്പമായി ബന്ധപ്പെട്ട വിഷയത്തിൽ പുരോഗതി വിലയിരുത്താൻ എല്ലാ ആഴ്ചയിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.

യോഗത്തിൽ കൃത്യമായി പങ്കെടുക്കാതിരുന്ന പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഷോകോസ് നോട്ടീസ് നൽകാനും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്തിന് ജില്ല കളക്ടർ നിർദ്ദേശം നൽകി. 
കാസർകോട് ഡെപ്യൂട്ടി കളക്ടർ (എൽ ആർ ) ജഗി പോൾ, കാസർകോട് തഹസിൽദാർ വി എ ജൂഡി, വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി, ഹൊസ്ദുർഗ് തഹസിൽദാർ എം മണിരാജ്, മഞ്ചേശ്വരം തഹസിൽദാർ പി ജെ ആന്റോ, കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ സുധീപ്, വലിയപറമ്പ, കുമ്പള, കാറഡുക്ക, തൃക്കരിപ്പൂർ, പടന്ന പഞ്ചായത്ത് സെക്രട്ടറിമാർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് ജെയിംസൺ മാത്യു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു