കാസർകോട് നിന്ന് സ്‌കൂട്ടറിൽ ലോകം ചുറ്റാനിറങ്ങിയ സുഹൃത്തുക്കൾ യു എ ഇയിലെത്തി

കാസർകോട് നിന്ന് സ്‌കൂട്ടറിൽ ലോകം ചുറ്റാനിറങ്ങിയ സുഹൃത്തുക്കൾ യു എ ഇയിലെത്തി

അബൂദബി | സാഹസിക യാത്രക്ക് ചേതക്ക് സ്‌കൂട്ടറുമായി കാസര്‍കോട് സ്വദേശികള്‍ യു എ ഇയില്‍. നായമ്മാര്‍മൂല സ്വദേശികളും ബാല്യകാല സുഹൃത്തുക്കളുമായ ഇബ്‌റാഹീം ബിലാല്‍, മുഹമ്മദ് അഫ്‌സല്‍ ഹഖ് എന്നിവരാണ് ഇന്ത്യന്‍ പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം യു എ ഇയിലെത്തിയത്.

ആറ് മാസം മുമ്ബാണ് 'എബി ടെക് വൈബ്' എന്ന് വിശേഷിപ്പിക്കുന്ന യാത്ര 2000 മോഡല്‍ ബജാജ് ചേതക് സ്‌കൂട്ടറുമായി ഇരുവരും ആരംഭിച്ചത്. യാത്രകള്‍ക്ക് ബൈക്കുകള്‍ തിരഞ്ഞെടുക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായി ഏഴ് രാജ്യങ്ങളിലെ യാത്രക്ക് പഴകിയ ചേതക്ക് സ്‌കൂട്ടറാണ് ഇവര്‍ ഉപയോഗിക്കുന്നത്.

ആറ് മാസം മുമ്ബ് കാസര്‍കോട് നിന്നും സാഹസിക യാത്ര ആരംഭിച്ചു. പാലക്കാട് വഴി തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ച ഇരുവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര പൂര്‍ത്തിയാക്കി അഫ്ഗാനിസ്ഥാന്‍ വഴി യു എ ഇയിലെത്താനായിരുന്നു പദ്ധതി തയാറാക്കിയത്. എന്നാല്‍, താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ അനുമതി ലഭിക്കാതിരുന്നപ്പോള്‍ മുംബൈ വഴി യു എ ഇ യിലേക്ക് വരുന്നതിനുള്ള ശ്രമം നടത്തി. എന്നാല്‍, അതും പരാജയപ്പെട്ടു. തുടര്‍ന്ന്, കൊച്ചി വഴി ദുബൈയിലെത്തി. 15 ദിവസം കൊണ്ടാണ് സ്‌കൂട്ടറില്‍ ദുബൈയില്‍ എത്തിയത്. അഞ്ച് ദിവസം മുമ്ബ് സ്‌കൂട്ടര്‍ അണ്‍ബോക്സ് ചെയ്തതായും ബിലാല്‍ പറഞ്ഞു.

ഞങ്ങള്‍ അന്താരാഷ്ട്ര യാത്ര തീരുമാനിച്ചപ്പോള്‍ ആദ്യം മനസില്‍ വന്ന രാജ്യം യു എ ഇ ആണ്. ഞങ്ങളുടെ പിതാക്കളും സഹോദരങ്ങളും കുടുംബക്കാരും സുഹൃത്തുക്കളും ജോലി ചെയ്യുന്നത് ഇവിടെയാണ്. അതുകൊണ്ട് എന്തുകൊണ്ടും തുടക്കം കുറിക്കാന്‍ അനുയോജ്യമായ രാജ്യം യു എ ഇ ആണെന്ന് നിശ്ചയിക്കുകയായിരുന്നു. ബുര്‍ജ് ഖലീഫ, മ്യൂസിയം, അല്‍ഖൂസ്, അബൂദബി ശൈഖ് സായിദ് മസ്ജിദ് എന്നിവയെല്ലാം സന്ദര്‍ശിച്ചതായും ബിലാല്‍ പറഞ്ഞു.

യു എ ഇക്ക് ശേഷം ഒമാന്‍, സഊദി അറേബ്യ, ഖത്വര്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനാണ് ഇരുവരും പദ്ധതിയിട്ടിട്ടുള്ളത്. ജോര്‍ദാനില്‍ നിന്ന് ഞങ്ങള്‍ സ്‌കൂട്ടര്‍ കൊച്ചിയിലേക്ക് തിരികെ എത്തിക്കുമെന്ന് ബിലാല്‍ വിശദീകരിച്ചു. ഇരുവര്‍ക്കും അന്താരാഷ്ട്ര ലൈസന്‍സുണ്ട്. കൂടാതെ ജി സി സി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ പെര്‍മിറ്റുകളും നേടിയിട്ടുണ്ട്.

ഇത് ശരിക്കും ഗംഭീരമായ ഒരു യാത്രയാണെന്നും യു എ ഇയില്‍ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്ററാണെങ്കിലും ഞങ്ങള്‍ മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യാറില്ലെന്നും അഫ്‌സല്‍ പറഞ്ഞു. യു എ ഇയിലെ ഉയര്‍ന്ന താപനില കണക്കിലെടുത്ത് അതിരാവിലെയും വൈകീട്ട് നാലിനു ശേഷവും മാത്രമാണ് യാത്ര നടത്തുന്നത്. രാവിലെ അഞ്ചിന് അല്ലെങ്കില്‍ ആറിന് സവാരി ആരംഭിക്കും. രാവിലെ 10 ന് വിശ്രമത്തിനായി നിര്‍ത്തി വൈകീട്ട് വീണ്ടും ആരംഭിക്കുകയുമാണ് ചെയ്യുന്നത്. ഞങ്ങള്‍ക്ക് റൈഡിംഗ് ഇഷ്ടമാണ്, യാത്ര ഇഷ്ടപ്പെടുന്നു. വിന്റേജ് റൈഡ് ആയതിനാലാണ് ചേതക് തിരഞ്ഞെടുത്തത്. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ഹെല്‍മറ്റും ജാക്കറ്റും ധരിക്കുന്നു. സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റോറേജ് കംപാര്‍ട്ട്‌മെന്റില്‍ ഒരു കൂടാരവും ഒരു ചെറിയ സ്റ്റൗവും ദീര്‍ഘദൂര യാത്രകള്‍ക്ക് ആവശ്യമായ മറ്റ് സാധനങ്ങളും ഉണ്ട്. സ്‌കൂട്ടര്‍ ലഭിച്ചത് കര്‍ണാടകയില്‍ നിന്നാണ്. പിന്നീട് ലൈസന്‍സും രജിസ്‌ട്രേഷനും കേരളത്തിലേക്ക് മാറ്റി, 150 സിസി ടൂ-സ്‌ട്രോക്ക് എന്‍ജിന്‍ ഇന്ത്യയില്‍ 9,000 കിലോമീറ്ററിലധികം സഞ്ചരിച്ചു കഴിഞ്ഞു. ജി സി സി യാത്ര പൂര്‍ത്തിയാക്കി ചേതക്ക് സ്‌കൂട്ടറുമായി യൂറോപ്യന്‍ പര്യടനം നടത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാല്‍ അത് പ്രാവര്‍ത്തികമാക്കുമെന്നും ഇരുവരും അറിയിച്ചു.

പൂര്‍ണമായും സ്വാശ്രയ യാത്രയിലൂടെ, യാത്രക്കിടെ കണ്ടുമുട്ടുന്ന ആളുകളുമായി ദീര്‍ഘകാല സൗഹൃദം സ്ഥാപിക്കാന്‍ ബിലാലും അഫ്‌സലും ആഗ്രഹിക്കുന്നു.