ജർമൻ ടാങ്കുകൾക്ക് മീതെ ജപ്പാന്റെ ഇരട്ട മിസൈൽ; ഫിഫ ലോകകപ്പിൽ അടുത്ത അട്ടിമറി

75 മിനുറ്റുകള്‍ വരെ ഒറ്റ ഗോളിന്‍റെ ലീഡില്‍ തൂങ്ങിയ ജര്‍മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍

ജർമൻ ടാങ്കുകൾക്ക് മീതെ ജപ്പാന്റെ ഇരട്ട മിസൈൽ; ഫിഫ ലോകകപ്പിൽ അടുത്ത അട്ടിമറി

ദോഹ: ഫിഫ ലോകകപ്പ് തുടങ്ങിയിട്ടേയുള്ളൂ, അട്ടിമറി തുടര്‍ക്കഥയായിരിക്കുന്നു. ഏഷ്യന്‍ കരുത്തരായ ജപ്പാന്‍റെ മിന്നാലാക്രമണത്തിന് മുന്നില്‍ 2-1ന് മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയാണ് ഒടുവിലായി അടിയറവുപറഞ്ഞത്. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ 75 മിനുറ്റുകള്‍ വരെ ഒറ്റ ഗോളിന്‍റെ ലീഡില്‍ തൂങ്ങിയ ജര്‍മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍. ജര്‍മനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്‌സുവും അസാനോയും ഗോള്‍ നേടി. 

ഗുണ്ടോഗനിലൂടെ ജര്‍മനി

ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആവേശപ്പകുതിക്കാണ് ആരാധകര്‍ സാക്ഷികളായത്. തോമസ് മുള്ളറും ഗ്നാബ്രിയും മുസിയാലയും അടങ്ങുന്ന ജര്‍മന്‍ ആക്രമണ നിരയെ പ്രതിരോധക്കോട്ട കെട്ടി ജപ്പാന്‍ 33 മിനുറ്റുകള്‍ വരെ തളച്ചു. കളി മെനയാന്‍ കിമ്മിഷും ഗുണ്ടോഗനുമുണ്ടായിട്ടും തുടക്കത്തില്‍ ആക്രമണത്തില്‍ ചടുലത കാണിക്കാതിരുന്ന ജര്‍മന്‍ ടീം ആദ്യ ഗോള്‍ അടിച്ചതോടെയാണ് ഉണര്‍ന്നുകളിച്ചത്. 31-ാം മിനുറ്റില്‍ പന്ത് പിടിക്കാന്‍ മുന്നോട്ടിറങ്ങിയ ജപ്പാന്‍ ഗോളി ഗോണ്ട, റാവുമിനെ ഫൗള്‍ ചെയ്തതോടെ റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. വാര്‍ തീരുമാനത്തിനൊടുവില്‍ പെനാല്‍റ്റി കിക്കെടുത്ത പരിചയസമ്പന്നന്‍ ഗുണ്ടോഗന്‍ അനായാസം പന്ത് വലയിലാക്കി. 

പിന്നാലെ ജര്‍മനി ആക്രമണങ്ങളുമായി മുന്നേറിയപ്പോള്‍ പ്രതിരോധത്തിലും കൗണ്ടര്‍ അറ്റാക്കിലുമായിരുന്നു ജപ്പാന്‍റെ ഉന്നം. ഇതിനിടെ ഹാവെര്‍ട്‌സ് നേടിയ ഗോള്‍ വാറിലൂടെ ഓഫ്‌സൈഡായി മാറുകയും ചെയ്തു. സമനില പിടിക്കാനുള്ള അവസരം ഇഞ്ചുറിടൈമില്‍ ജപ്പാന്‍റെ മയേദ പാഴാക്കിയതോടെ മത്സരം 1-0ന് ജര്‍മനിക്ക് അനുകൂലമായി ഇടവേളയ്ക്ക് പിരിഞ്ഞു. 81 ശതമാനം ബോള്‍ പൊസിഷനിംഗും ഓണ്‍ ടാര്‍ഗറ്റിലേക്ക് അഞ്ച് ഷോട്ടുകളുമായി മുന്നില്‍ നിന്നിട്ടും വേണ്ടത്ര ഫലമുണ്ടാക്കാന്‍ ആദ്യ 45 മിനുറ്റുകളില്‍ ജര്‍മനിക്കായില്ല. 

ജപ്പാന്‍റെ ഇരട്ട മിസൈല്‍

രണ്ടാംപകുതിയിലും ജര്‍മനി ശ്രമിച്ചെങ്കിലും ഷോട്ടുകളുടെ ലക്ഷ്യം പിഴച്ചു. മുസിയാലയും ഗ്നാബ്രിയും ഗുണ്ടോകനും ഉതിര്‍ത്ത ഷോട്ടുകള്‍ നേരിയ മാര്‍ജിനില്‍ പുറത്തുപോയി. ഗോള്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ 67-ാം മിനുറ്റില്‍ മുള്ളറെയും ഗുണ്ടോകനെയും പിന്‍വലിക്കാന്‍ ജര്‍മന്‍ പരിശീലകന്‍ ഹാന്‍സി ഫ്ലിക് നിര്‍ബന്ധിതനായി. മറുവശത്ത് ഇടവേളകളില്‍ ശക്തമായ പ്രത്യാക്രമണങ്ങളുമായി ജപ്പാന്‍ താരങ്ങള്‍ ജര്‍മന്‍ ഗോള്‍മുഖത്ത് അപകടഭീതി സൃഷ്ടിച്ചുകൊണ്ടിരുന്നു. 70-ാം മിനുറ്റില്‍ ജര്‍മനിയുടെ നാല് തുടര്‍ ഷോട്ടുകള്‍ തടുത്ത് ജപ്പാന്‍ ഗോളി കയ്യടിവാങ്ങി. എന്നാല്‍ 75-ാം മിനുറ്റില്‍ റിട്‌സുവും 83-ാം മിനുറ്റില്‍ അസാനോയും നേടിയ ഗോളുകള്‍ ജര്‍മന്‍ ആരാധകരെ ഞെട്ടിച്ച് വിജയം ജപ്പാന്‍റേതാക്കി മാറ്റി.