അടിവസ്ത്രത്തിൽ ഒളിപ്പിച്ച് വിദേശ കറൻസി ഉൾപ്പെടെ കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. നിയമ പ്രകാരം വിദേശത്തേക്ക് 25,000 ഇന്ത്യന്‍ രൂപ വരെ കൊണ്ടുപോകാനാന്‍ മാത്രമേ അനുമതിയുള്ളു

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് വിദേശ കറൻസി ഉൾപ്പെടെ കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

കരിപ്പൂര്‍: വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്  വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം രൂപ മൂല്യമുള്ള കറന്‍സികള്‍ കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. കാസര്‍കോട് നെല്ലിക്കുന്ന് തെരുവത്ത് അബ്ദുല്‍ റഹീമിനെയാണ് അറസ്റ്റ് ചെയ്തത്. 48,000 ഇന്ത്യന്‍ രൂപ, 1,14,520 യുഎഇ ദിര്‍ഹം, 24,000 സൗദി റിയാല്‍ എന്നിവയാണ് കണ്ടെടുത്തത്. അടി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ബുധനാഴ്ച രാവിലെ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈയിലേക്ക് പോവാന്‍ എത്തിയതായിരുന്നു അബ്‍ദുൾ റഹീം.

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. നിയമ പ്രകാരം വിദേശത്തേക്ക് 25,000 ഇന്ത്യന്‍ രൂപ വരെ കൊണ്ടുപോകാനാന്‍ മാത്രമേ അനുമതിയുള്ളു. വിദേശ കറന്‍സിയാണെങ്കില്‍ 5,000 യുഎസ് ഡോളറിന് തുല്യമായ തുക വരെ കൈവശം കരുതാം. അതിനു മുകളിലേക്കു കൊണ്ടുപോകണമെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ കസ്റ്റംസിന് സമര്‍പ്പിച്ച് സത്യവാങ്മൂലം നല്‍കണം. അല്ലാതെ കറന്‍സിയുമായി പിടിക്കപ്പെട്ടാല്‍ മൂല്യം 20 ലക്ഷത്തിനു മുകളിലാണെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.