മംഗളൂരുവിലെ കോളേജിൽ സാംസ്‌കാരിക പരിപാടിക്കിടെയുണ്ടായ പ്രശ്‌നത്തിൽ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമം; എട്ട് വിദ്യാർഥികൾ അറസ്റ്റിൽ

മെയ് 28ന് രാത്രി 12 വിദ്യാർഥികൾ മാരകായുധങ്ങളുമായി അപ്പാർട്ട്‌മെന്റിലേക്ക് അതിക്രമിച്ചു കയറുകയും ഷബാബിനെ തലക്കടിച്ച് വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്.

മംഗളൂരുവിലെ കോളേജിൽ സാംസ്‌കാരിക പരിപാടിക്കിടെയുണ്ടായ പ്രശ്‌നത്തിൽ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമം; എട്ട് വിദ്യാർഥികൾ അറസ്റ്റിൽ

മംഗളൂരു: മംഗളൂരു നഗരത്തിലെ ഒരു സ്വകാര്യ കോളേജിൽ സാംസ്‌കാരിക പരിപാടിക്കിടെയുണ്ടായ പ്രശ്‌നത്തിന്റെ പേരിൽ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ 12 വിദ്യാർത്ഥികളിൽ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 28ന് രാത്രി 12 വിദ്യാർഥികൾ മാരകായുധങ്ങളുമായി അപ്പാർട്ട്‌മെന്റിലേക്ക് അതിക്രമിച്ചു കയറുകയും ഷബാബിനെ തലക്കടിച്ച് വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. മുഹമ്മദ് അഫ്രീഷ് (21), സുനൈഫ് (21), ഷെയ്ഖ് മൊഹിയുദ്ദീൻ (20), ഇബ്രാഹിം (20), മുഹമ്മദ് സിനാൻ അബ്ദുല്ല (21), മുഹമ്മദ് അഷാം (21), മുഹമ്മദ് അഫാം അസ്ലം (20), മുഹമ്മദ് സയ്യിദ് അഫ്രീദ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാർഥികളാണ്. 
മംഗളൂരുവിലെ അപ്പാർട്ടുമെന്റിൽ താമസിക്കുന്ന മലയാളിയായ കെ ഷബാബ് (21) ആണ് അക്രമത്തിനിരയായത്. . മെയ് 28ന് വൈകിട്ട് 4.30ന് ഇതേ കോളേജിലെ ദേർളക്കട്ട കാമ്പസിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ പരാതിക്കാരനും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിന് കാരണം. കേസിലെ മറ്റ് നാല് പ്രതികളെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊർജിതമാക്കി.