ഉളിയത്തടുക്കയില്‍വെച്ച് വധശ്രമക്കേസിലെ പ്രതിയടക്കം 3 പേര്‍ പിടിയില്‍

ഉളിയത്തടുക്കയില്‍വെച്ച് വധശ്രമക്കേസിലെ പ്രതിയടക്കം 3 പേര്‍ പിടിയില്‍

വധശ്രമക്കേസിലെ പ്രതി ഉൾപ്പെടെ മൂന്നുപേരെ കാസർകോട്‌ ടൗൺ പൊലീസ്‌ പിടികൂടി. എരിയാൽ പള്ളം റോഡ് ബണ്ടങ്കൈ അപ്പാർട്‌മെന്റിലെ ഉസ്‌മാൻ (ചാർളി ഉസ്മാൻ – 41), ഉളിയടുക്ക എസ്‌പി നഗറിലെ എം.എച്ച്‌.മൊയ്തീൻ (27), ഉളിയത്തടുക്കയിലെ സിനാൻ (30) എന്നിവരെയാണ് കാസർകോട്‌ ഇൻസ്‌പെക്ടർ പി.അജിത്ത്കുമാർ എസ്‌ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്‌.പുളിക്കൂർ പള്ളത്തെ പി.എം.ആസിഫിനെ (30) കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയായ ചാർളി ഉസ്മാൻ ബംഗളൂരുവിലേക്ക്‌ രക്ഷപ്പെട്ടിരുന്നു. നാട്ടിലെത്തിയത്‌ അറിഞ്ഞ പൊലീസ്‌ നിരീക്ഷിക്കുകയായിരുന്നു. ഉളിയത്തടുക്ക ഐഎസി ജംക്‌ഷനിലെ ബഹുനില കെട്ടിടത്തിലുള്ളതായി വെള്ളിയാഴ്‌ച വൈകിട്ട്‌ വിവരം ലഭിച്ചു. പൊലീസ്‌ എത്തിയപ്പോൾ കഞ്ചാവ്‌ വലിച്ചിരിക്കുകയായിരുന്നു മൂവരും.
ശുചിമുറിയുടെ വെന്റിലേറ്റർ തകർത്ത്‌ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതിൽ തകർത്ത്‌ മൂന്നു പേരെയും പിടികൂടുകയായിരുന്നു. മൊയ്‌തീൻ ഉളിയത്തടുക്ക പെട്രോൾ പമ്പിനുനേരെ അക്രമം നടത്തിയ കേസിലെ പ്രതിയാണ്. ഇയാളെ കേസ്‌ അന്വേഷിക്കുന്ന വിദ്യാനഗർ പൊലീസിന്‌ കൈമാറി. ഇയാൾക്കെതിരെ മയക്കുമരുന്ന് കടത്തടക്കം ഒട്ടേറെ കേസുണ്ട്‌. സിനാൻ എംഡിഎംഎ കേസിൽ അറസ്റ്റിലായി അടുത്തിടെയാണ് ജയിലിൽ നിന്ന്‌ പുറത്തിറങ്ങിയത്. ഉസ്‌മാനെയും മൊയ്തീനെയും കോടതി റിമാൻഡ്‌ ചെയ്‌തു


.