രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയ്ക്ക് പിന്തുണയുമായി ആം ആദ്മിയും ടിആർഎസും
രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയുടെ പേര് നിർദ്ദേശിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാറായിരുന്നു. എന്നാൽ യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കണമെന്ന് കോൺഗ്രസും ഇടതു പാർട്ടികളും നിലപാടെടുത്തു.

ദില്ലി :പ്രതിപക്ഷ കക്ഷികളുടെ പൊതുരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച യശ്വന്ത് സിൻഹയ്ക്ക് (Yashwant sinha) കൂടുതൽ കക്ഷികളുടെ പിന്തുണ. തെലങ്കാന രാഷ്ട്രീയ സമിതിയും ആം ആദ്മി പാര്‍ട്ടിയും യശ്വന്ത് സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കൂടുതൽ പാര്‍ട്ടികൾ ഇനിയുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന് പിന്തുണയുമായി എത്തും എന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷത്തെ വിവിധ നേതാക്കളും സിൻഹയുടെ സ്ഥാനാര്‍തിത്വത്തിന് ചുക്കാൻ പിടിച്ച ശരദ് പവാറും.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് 17 പ്രതിപക്ഷ പാര്‍ട്ടികൾ യോഗം ചേര്‍ന്ന് യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തിൻ്റെ പൊതുസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് സ്ഥാനാര്‍തിഥ്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് രാഷ്ട്രപതി സ്ഥാനാത്ഥിയായി പ്രതിപക്ഷനിരയിൽ അംഗീകരിക്കപ്പെട്ടത്.