ആതവനാട്ടില്‍ നിന്ന് ഹജ്ജ് കര്‍മ്മത്തിനായി പുണ്യഭൂമിയിലേക്കൊരു കാല്‍ നടയാത്ര, ദൂരം 8600 കിലോമീറ്റർ

ഏകദേശം 8600 കിലോമീറ്റര്‍ ദൂരം പിന്നിടേണ്ട യാത്രയില്‍ ദിവസവും ശരാശരി 25 കിലോമീറ്റര്‍ മുതല്‍ കാല്‍ നടയായി യാത്ര ചെയ്യാനാണ് ശിഹാബ് ഉദ്ദേശിക്കുന്നത്.

ആതവനാട്ടില്‍ നിന്ന് ഹജ്ജ് കര്‍മ്മത്തിനായി പുണ്യഭൂമിയിലേക്കൊരു കാല്‍ നടയാത്ര, ദൂരം 8600 കിലോമീറ്റർ

മലപ്പുറം: ഹജ്ജ് നിര്‍വഹിക്കാനുള്ള ആഗ്രഹം വിവിധ രീതിയില്‍ പൂര്‍ത്തിയാക്കുന്നവരുടെ കൂട്ടത്തില്‍ ഏറെ ശ്രദ്ധേയനായിരിക്കുകയാണ്  
ശിഹാബുദ്ദീന്‍. അടുത്ത വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാനായി സൗദിയിലേക്ക് കാല്‍ നടയായാണ് 30 കാരനായ ശിഹാബുദ്ദീന്‍ യാത്ര തിരിക്കുന്നത്. അടുത്ത മാസം ആദ്യവാരത്തിലാണ് ഇദ്ദേഹം യാത്രതിരിക്കുന്നത്. അടുത്ത വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് മക്കയിലെത്തുകയാണ് ലക്ഷ്യം. 

ഏകദേശം 8600 കിലോമീറ്റര്‍ ദൂരം പിന്നിടേണ്ട യാത്രയില്‍ ദിവസവും ശരാശരി 25 കിലോമീറ്റര്‍ മുതല്‍  കാല്‍ നടയായി യാത്ര ചെയ്യാനാണ് ശിഹാബ് ഉദ്ദേശിക്കുന്നത്. പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ് വഴി യാണ് സൗദിയിലെത്തുക. എട്ട് മാസം കൊണ്ട് സൗദിയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ 9 മാസത്തോളമായുള്ള ശ്രമത്തിന്റെ ഭാഗമായി രേഖകളും മറ്റും ശരിയായതിന്റെ സന്തോഷത്തിനാണ് ഈ 30കാരന്‍.

സൗദിയില്‍ ജോലി ചൈതിരുന്ന ശിഹാബുദ്ദീന്‍ നിരവധി തവണ പുണ്യഭൂമി സന്ദര്‍ശനം നടത്തിയതിലൂടെയാണ് ജന്മനാട്ടിന്‍ നിന്ന് നടന്നുകൊണ്ട്  ഹജ്ജ് എന്ന പുണ്യകര്‍മ്മം ചെയ്യണമെന്ന ആഗ്രഹം ഉദിക്കുന്നത്. ആഗ്രഹം കുടുംബത്തോടും കൂട്ടുക്കാരോട് പറഞ്ഞപ്പോള്‍ പൂര്‍ണ്ണ പിന്തുണ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കുള്ള ശ്രമമാരംഭിക്കുന്നത്.  നിരവധി രാജ്യങ്ങളിലൂടെ കടന്ന് പോകുന്ന ശിഹാബിന് പാക്കിസ്ഥാനില്‍ നിന്നുള്ള രേഖകള്‍ 45 ദിവസത്തോളം ദില്ലിയിൽ താമസിച്ചാണ് ശരിയാക്കാനായത്. ഏറെ ശ്രമകരമായിരുന്നു രേഖകള്‍ ശരിയാക്കാനുള്ള പ്രക്രിയകള്‍. 

ആതവനാട്  ചോറ്റൂര്‍ ചേലമ്പാടന്‍ സൈതലവി - സൈനബ ദമ്പതികളുടെ മകനാണ് ശിഹാബുദ്ദീന്‍. പ്രവാസിയായിരുന്ന ശിഹാബ് കഴിഞ്ഞ ആറ് വര്‍ഷമായി നാട്ടില്‍ തന്നെയാണ്. കഞ്ഞിപ്പുരയില്‍ ബിസ്‌നസ് നടത്തുകയാണ്. ഭാര്യ : ശബ്‌ന, മകള്‍: മുഹ്മിന സൈനബ്.