18 പന്തിൽ ജയിക്കാൻ 59 റൺസ്‌; ലോക റെക്കോർഡ്; ഓസീസിനെതിരെ ശ്രീലങ്കയ്ക്ക് അവിശ്വസനീയ ജയം

അവസാന ഓവറില്‍ ലങ്കയ്ക്ക് ജയിക്കാന്‍ 19 റണ്‍സാണ് വേണ്ടിയിരുന്നത്

18 പന്തിൽ ജയിക്കാൻ 59 റൺസ്‌; ലോക റെക്കോർഡ്; ഓസീസിനെതിരെ ശ്രീലങ്കയ്ക്ക് അവിശ്വസനീയ ജയം

മൂന്ന് ഓവറില്‍ ജയിക്കാന്‍ 59 റണ്‍സ്. ഏറക്കുറേ അവിശ്വസനീയമായ ലക്ഷ്യം എത്തിപ്പിടിച്ച് ശ്രീലങ്ക. ലങ്കയുടെ നായകന്‍ ദാസുൻ ഷണകയുടെ അവിസ്മരണീയമായ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരെ ലങ്കയ്ക്ക് ജയം സമ്മാനിച്ചത്. അവസാന മൂന്ന് ഓവറിൽ ഒരു കളി ജയിക്കാൻ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ലങ്കയുടേത്.

ഓസ്‌ട്രേലിയയും ശ്രീലങ്കയും (Sri Lanka Vs Australia) തമ്മിലുളള ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിവായിരുന്നു ഷണകയുടെ ഉജ്ജ്വല ഇന്നിങ്‌സ്. ഓസ്‌ട്രേലിയയെ 4 വിക്കറ്റിനാണ് ശ്രീലങ്ക തോല്‍പ്പിച്ചത്. 25 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത ഷണക പുറത്താവാതെ നിന്നു. മൂന്ന് മത്സരങ്ങളുളള പരമ്പര നേരത്തേ ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു.

177 റണ്‍സ് വിജയലക്ഷ്യവുമായാണ് ശ്രീലങ്ക ബാറ്റിങ്ങിനിറങ്ങിയത്. ഓപ്പണര്‍ ഗുണതിലക 15 റണ്‍സെടുത്ത് പുറത്തായെങ്കിലും നിസ്സാങ്കയും അസലങ്കയും ഭേദപ്പെട്ട തുടക്കമാണ് ലങ്കയ്ക്ക് നല്‍കിയത്. ഇരുവരേയും പുറത്താക്കിക്കൊണ്ട് സ്റ്റോയിനിസ് ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീടിറങ്ങിയ ബനുകു രാജപക്‌സയും കുശാല്‍ മെന്‍ഡിസും വേഗം പുറത്തായതോടെ ശ്രീലങ്ക പ്രതിരോധത്തിലായി. ഹസരങ്കയ്ക്കും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 108 റണ്‍സിന് ആറ് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു ലങ്ക.

ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷണക ക്രീസീലെത്തുന്നത് ഈ ഘട്ടത്തിലാണ്. ജയിക്കാനായി 26 പന്തില്‍ നിന്ന് 69 റണ്‍സാണ് ലങ്കയ്ക്ക് ആ സമയം വേണ്ടിയിരുന്നത്. ഏറെക്കുറെ അസാധ്യമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മൈതാനത്ത് ഷണകയുടെ വെടിക്കെട്ട് ബാറ്റിംഗാണ് പിന്നീട് കാണാൻ കഴിഞ്ഞത്.