പശ്ചിമ ബംഗാളില്‍ അക്രമം തുടരുന്നു; മരണം പതിനൊന്നായി, പ്രധാനമന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പശ്ചിമ ബംഗാളില്‍ അക്രമം തുടരുന്നു; മരണം പതിനൊന്നായി, പ്രധാനമന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തുടങ്ങിയ അക്രമങ്ങളില്‍ മരണം പതിനൊന്നായി ഉയര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ പാര്‍ട്ടിപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗം ചെയ്തെന്ന് ബിജെപി ആരോപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ സാഹചര്യം വിലയിരുത്താന്‍ ബംഗാളിലെത്തി. അക്രമത്തില്‍ പ്രധാനമന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറുമായി നരേന്ദ്ര മോദി സംസാരിച്ചു.
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചു വിടുകയായിരുന്നു. പലയിടത്തും ബിജെപി ഓഫീസുകള്‍ കത്തിച്ചു. നന്ദിഗ്രാം മണ്ഡലത്തിലെ നാല് ഓഫീസുകളാണ് അഗ്നിക്കിരയാക്കിയത്.
വാഹനങ്ങള്‍ കത്തിച്ചു. നിരവധി ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ക്ക് നേരെ അക്രമം നടന്നു.
ബീര്‍ഭുമിലെ നാനൂരില്‍ ബിജെപി പ്രവര്‍ത്തകയെ തൃണമൂല്‍ അനുഭാവികള്‍ കൂട്ടബലാല്‍സംഗം ചെയ്തെന്ന് പാര്‍ട്ടി ആരോപിച്ചു. ചില ചിത്രങ്ങളും ബിജെപി പുറത്തുവിട്ടു. പകുര്‍ഹാഷിലും സമാന സംഭവങ്ങള്‍ അരങ്ങേറിയെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ അറിയിച്ചു. ആയിരത്തോളം കുടുംബങ്ങള്‍ പലായനം ചെയ്യുകയാണെന്നും സ്ത്രീകള്‍ക്കെതിരെ വ്യാപക അക്രമം നടക്കുന്നു എന്നും ബിജെപി എംപി സ്വപന്‍ദാസ് ഗുപ്ത ട്വിറ്ററില്‍ കുറിച്ചു.
അക്രമം നടന്ന സ്ഥലങ്ങളില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ എത്തും. നാളെ ദേശവ്യാപകമായി പ്രതിഷേധ ധര്‍ണ്ണ നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു. കേന്ദ്രം, സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സിപിഎം ഓഫീസുകള്‍ക്കെതിരെയും പലയിടത്തും അക്രമം നടന്നു.
കൊവിഡ് പ്രതിരോധിക്കേണ്ട സമയത്താണ് തൃണമൂല്‍ അരാജകത്വം അഴിച്ചു വിടുന്നതെന്നും ഇത് ചെറുക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ട്ടിപ്രവര്‍ത്തകര്‍ സമാധാനം പാലിക്കണമെന്ന് മമത ബാനര്‍ജി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വലിയ വിജയത്തിന് പിന്നാലെ ബംഗാളില്‍ നിന്ന് പുറത്തുവരുന്ന കാഴ്ചകള്‍ എന്തായാലും തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവുകയാണ്.