യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു: സീരിയൽ നടനും ഡോക്ടറും ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു: സീരിയൽ നടനും ഡോക്ടറും ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

തിരുവനന്തപുരം: യുവതിയുടെ വ്യാജ നഗ്നചിത്രങ്ങളുണ്ടാക്കി ഭർത്താവിന് അയച്ചുകൊടുത്ത കേസിലെ മൂന്നുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുവായ തിരുവനന്തപുരം മെഡി. കോളജിലെ ദന്ത ഡോക്ടർ, സീരിയൽ നടനായ നെടുമങ്ങാട് വാളിക്കോട് സ്വദേശി ജസീർ ഖാൻ, സുഹൃത്ത് നെടുമങ്ങാട് വേങ്കവിള സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാജ നഗ്നചിത്രങ്ങളാക്കി ഭർത്താവിന്റെയും ബന്ധുക്കളുടെയും വാട്സാപ്പ് നമ്പറുകളിലേക്ക് അയക്കുകയായിരുന്നു. ഫോർട്ട് ഇൻസ്പെക്ടർ രാകേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൂന്ന് പേരെയും പിടികൂടിയത്.

യുവതിയുടെ മാതൃസഹോദരിയുടെ മകനായ ദന്ത ഡോക്ടറാണ് സംഭവത്തിന് പിന്നിലെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാളുടെ നിർദേശപ്രകാരമാണ് ജസീർ ഖാൻ തന്റെ കൈവശമുള്ള ഫോണിൽനിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചുനൽകിയത്. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ജസീർ ഖാന് സിം കാർഡ് എടുത്തുനൽകിയതാണ് ശ്രീജിത്തിനെതിരേയുള്ള കുറ്റം.

വ്യാജ നഗ്നചിത്രങ്ങൾ അയച്ച മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൂന്ന് പേരും കുടുങ്ങിയത്. ചിത്രങ്ങൾ അയച്ച നമ്പർ തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇങ്ങനെയൊരു നമ്പർ താൻ ഉപയോഗിക്കുന്നില്ലെന്നായിരുന്നു വട്ടപ്പാറ സ്വദേശിയുടെ പ്രതികരണം. വിശദമായി പരിശോധിച്ചതോടെ ഇക്കാര്യം ശരിയാണെന്ന് പോലീസും സ്ഥിരീകരിച്ചു. തുടർന്ന് മൊബൈൽ കമ്പനിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടുകയും അന്വേഷണം ശ്രീജിത്തിലേക്ക് എത്തുകയുമായിരുന്നു.