ബന്ധുക്കള്‍ ജീവനോടെ മണിക്കൂറുകളോളം ഫ്രീസറില്‍ കിടത്തിയ 74കാരന്‍ ആശുപത്രിയില്‍ മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബന്ധുക്കള്‍ ജീവനോടെ മണിക്കൂറുകളോളം ഫ്രീസറില്‍ കിടത്തിയ 74കാരന്‍ ആശുപത്രിയില്‍ മരിച്ചു

സേലം (www.kasaragodtimes.com 16.10.2020):തമിഴ്നാട്ടില്‍ സേലത്ത് ഒരു ദിവസത്തോളം ഫ്രീസറില്‍ കിടന്നതിനുശേഷം രക്ഷപെടുത്തിയ 74കാരന്‍ മരിച്ചു. ശൂരമംഗലം കന്തംപട്ടിയില്‍ ബാലസുബ്രഹ്മണ്യം കുമാറാണ് ചികിത്സയിലിരിക്കെ മരിച്ചത്. മരിച്ചെന്നു കരുതി തിങ്കളാഴ്ച വൈകിട്ടാണ് ബാലസുബ്രഹ്മണ്യത്തെ അനിയന്‍ ശരവണന്റെ നേതൃത്വത്തില്‍ ബന്ധുക്കള്‍ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിച്ചത്. ചൊവാഴ്ച ഫ്രീസറില്‍നിന്ന് രക്ഷപെടുത്തിയ ഇദ്ദേഹത്തെ സേലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.വിഭാര്യനായ ബാലസുബ്രഹ്മണ്യം 70 വയസുള്ള ഇളയസഹോദരന്‍ ശരവണനൊപ്പമാണ് താമസിച്ചിരുന്നത്. പലവിധ രോഗങ്ങളാല്‍ ക്ഷീണിതനായിരുന്നു ബാലസുബ്രഹ്മണ്യം. തിങ്കളാഴ്ച വൈകിട്ട് ശരവണന്‍ ചേട്ടനെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ രോഗബാധിതനായ ചേട്ടന്‍ മരിച്ചെന്നു കരുതി ശരവണന്‍ മൊബൈല്‍ ഫ്രീസര്‍ ഏര്‍പ്പാടാക്കി. ചേട്ടനെ അതിലേക്കു മാറ്റി കിടത്തി. ബന്ധുക്കളെ എല്ലാവരെയും വിളിച്ചറിയിച്ച്  മൃതദേഹ സംസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ ചെയ്തു. ചടങ്ങുകള്‍ക്ക് മുമ്പായി ബാലസുബ്രഹ്മണ്യത്തെ പുറത്തേക്കെടുത്തു. പെട്ടെന്ന് അദ്ദേഹത്തിന്റെ കൈകള്‍ അനങ്ങി. മൊബൈല്‍ ഫ്രീസര്‍ സേവനക്കാര്‍ അതുകണ്ട് ഒച്ചയിട്ടു. എന്നാല്‍ ബാലസുബ്രഹ്മണ്യത്തിന് ഫിറ്റസ് ഉണ്ടായിരുന്നെന്നും ആത്മാവ് ശരീരം വിട്ടുപോകാത്തതുകൊണ്ടാണ് കൈകള്‍ അനക്കിയതെന്നുമായിരുന്നു ശരവണന്റെ വാദം. എന്നാല്‍ കൂടിനിന്നവര്‍ വേഗം പൊലീസിനെ അറിയിച്ചു.ശരവണന്‍ മനപൂര്‍വം ചെയ്തതല്ലെന്നാണ് പൊലീസ് നിഗമനം. ശരവണന്റെ അറിവില്ലായ്മയാണ് പ്രശ്നമായതാണ്. എന്നിരുന്നാലും ഐപിസി സെക്ഷന്‍ 287 (മനുഷ്യജീവിതത്തെ അപകടപ്പെടുത്തുന്ന പെരുമാറ്റം), സെക്ഷന്‍ 336 (മറ്റുള്ളവരുടെ സ്വകാര്യ സുരക്ഷയ്ക്ക് അപകടം) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.