പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കാന്‍ മുന്‍കൂര്‍ ബുക്കിങ്ങ് ആവശ്യമില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കാന്‍ മുന്‍കൂര്‍ ബുക്കിങ്ങ് ആവശ്യമില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്‌

ജിദ്ദ(www.kasaragodtimes.com 16.10.2020): പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കാന്‍ മുന്‍കൂര്‍ അപ്പോയിന്‍റ്‍‍മെന്‍റ് ആവശ്യമില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴിലുള്ള അബഹ, യാംബു, തബൂക്ക് എന്നിവിടങ്ങളിലെ വിഎഫ്‌എസ് കേന്ദ്രങ്ങളില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കാനുള്ള മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ആവശ്യമില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി വിഎഫ്‌എസ് കേന്ദ്രങ്ങളെ നേരിട്ട് സമീപിച്ചാല്‍ മതി. എന്നാല്‍ ജിദ്ദയിലെ ഹാഇല്‍ സ്ട്രീറ്റിലുള്ള വിഎഫ്‌എസ് കേന്ദ്രത്തില്‍ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് പ്രകാരം തന്നെയാകും സേവനങ്ങള്‍ ലഭിക്കുക. വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് മൂന്ന് വരെ സേവനങ്ങള്‍ തുടരും.
അടിയന്തര സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വൈകിട്ട് മൂന്നുമുതല്‍ അഞ്ചുവരെ ഈ കേന്ദ്രത്തില്‍ നല്‍കാം.
പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ വിഎഫ്‌എസ് കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വീണ്ടും മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കുന്ന പഴയ രീതിയിലേക്ക് മാറിയേക്കാമെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. അതേസമയം ജിദ്ദയില്‍ മുഹമ്മദിയ ഡിസ്ട്രിക്ടിലെ വിഎഫ്‌എസ് ശാഖ വ്യഴാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതായും കോണ്‍സുലേറ്റ് കൂട്ടിച്ചേര്‍ത്തു.