നീലേശ്വരം പീഡന കേസില്‍ നിര്‍ണായക വഴിത്തിരിവ്; കുഴിച്ചിട്ട ഭ്രൂണം തെളിവെടുപ്പിനിടെ കണ്ടെത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നീലേശ്വരം പീഡന കേസില്‍ നിര്‍ണായക വഴിത്തിരിവ്; കുഴിച്ചിട്ട ഭ്രൂണം തെളിവെടുപ്പിനിടെ കണ്ടെത്തി

കാസര്‍കോട്(www.kasaragodtimes.com 30.07.2020): നീലേശ്വരത്ത് 16കാരിയെ അച്ഛനടക്കം ഏഴ് പേര്‍ പീഡിപ്പിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ ശേഷം കുഴിച്ചിട്ട ഭ്രൂണം കണ്ടെത്തി. ഗര്‍ഭഛിദ്രം നടത്തിയ ശേഷം അച്ഛനാണ് ഭ്രൂണം കുഴിച്ചിട്ടത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഭ്രൂണം കുഴിച്ചിട്ടുവെന്ന് വ്യക്തമായത്.
കഴിഞ്ഞ മാസം 22 നാണ് ഭ്രൂണം കുഴിച്ചിട്ടത്. കണ്ടെത്തിയ ഭ്രൂണ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയച്ചു. കേസിലെ നിര്‍ണയ ക തെളിവാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടുവളപ്പില്‍ നിന്ന് തന്നെയാണ് ഭ്രൂണം കണ്ടെത്തിയത്. ഇതിന് മൂന്ന് മാസം വളര്‍ച്ചയുള്ളതായി കരുതുന്നു. ഇതോടെ ഗര്‍ഭഛിദ്രം നടത്തിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.
കേസില്‍ കുട്ടിയുടെ അമ്മയെ പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരണം. മദ്രാസാധ്യാപകനായ അച്ഛനുള്‍പ്പെടെ ഏഴ് പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയത്. അച്ഛനുള്‍പ്പെടെ അഞ്ച് പേര്‍ ഇതുവരെ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ബന്ധുവി‍ന്‍റെ സുഹൃത്തായ ഒരാളെ കൂടി പിടികൂടാനുണ്ട് .ഇയാള്‍ക്കായി അന്വേഷണം ഊര്‍ജജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് ചികിത്സ നടത്തിയ കാഞ്ഞങ്ങാട്ടേയും നീലേശ്വരത്തേയും ആശുപത്രികളില്‍ പരിശോധന നടത്തുമെന്നാണ് സൂചന. ഇതിന് ശേഷമാകും ഡോക്ടര്‍ക്കെതിരെ കൂടുതല്‍ നടപടികളിലേക്ക് കടക്കുക. നിലവില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടിയുള്ളത്.