നടുക്കം മാറും മുന്‍പ് ഹത്‌റാസില്‍ വീണ്ടും ബലാത്സംഗക്കൊല; ആറ് വയസ്സുകാരിയുടെ മൃതദേഹവുമേന്തി ഹത്‌റാസില്‍ ബന്ധുക്കളുടെ പ്രതിഷേധം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നടുക്കം മാറും മുന്‍പ് ഹത്‌റാസില്‍ വീണ്ടും ബലാത്സംഗക്കൊല; ആറ് വയസ്സുകാരിയുടെ മൃതദേഹവുമേന്തി ഹത്‌റാസില്‍ ബന്ധുക്കളുടെ  പ്രതിഷേധം

ഹത്‌റാസ്(www.kasaragodtimes.com 07.10.2020)‌:ഹാഥ്റസില്‍ 19കാരിയെ മേല്‍ജാതിക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതിന്‍റെ നടുക്കം മാറും മുന്‍പ് അതേ ജില്ലയിലെ മറ്റൊരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ബലാത്സംഗത്തിനിരയായ ആറ് വയസ്സുകാരി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയുമായാണ് ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമേന്തി ഹാഥ്റസില്‍ റോഡ് ഉപരോധിച്ചത്.

മാതാവ് മരിച്ചതിനെ തുടര്‍ന്ന് അലിഗഡില്‍ മാതൃസഹോദരിക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അവിടെ വെച്ച്‌ മാതൃസഹോദരിയുടെ 15കാരനായ മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ചില സാമൂഹ്യ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത് സെപ്തംബര്‍ 17നാണ്. ആദ്യം ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു.

കേസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്. സ്റ്റേഷന്‍ ഹൌസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തെന്ന വിവരം ലഭിച്ച ശേഷമേ പ്രതിഷേധക്കാര്‍ പിന്‍മാറിയുള്ളൂ. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മകന് കൂട്ടുനിന്ന അമ്മ ഒളിവിലാണെന്നും ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.