തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം, സര്‍ക്കാരിന് അടിയന്തര സ്റ്റേ ഇല്ല

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം, സര്‍ക്കാരിന് അടിയന്തര സ്റ്റേ ഇല്ല

കൊച്ചി(www.kasaragodtimes.com 25.08.2020): തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ ഹര്‍ജി നല്‍കിയ സര്‍ക്കാരിന് അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. കേസില്‍ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകള്‍ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
കേസുമായി ബന്ധപ്പെട്ട് അടുത്ത മാസം 9നകം സര്‍ക്കാര്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കണം. അടുത്ത മാസം 15ന് വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
വിമാനത്താവളം കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുഎന്നാല്‍ ഹര്‍ജി വളരെ നേരത്തെയാണെന്ന് കാണിച്ച്‌ ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിനെതിരായ സര്‍ക്കാരിന്‍റെ അപ്പീലില്‍ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ കേസില്‍ ഉത്തരവ് വരും വരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നായരുന്നു ആവശ്യം.
വിമാനത്താവള നടത്തിപ്പ് അദാനിയെ ഏല്‍പ്പിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. വിമാനത്താവളം നടത്തിപ്പ് അദാനിക്ക് പാട്ടത്തിന് നല്‍കാനുള്ള നടപടി അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ കമ്ബനി ക്വോട്ട് ചെയ്ത തുക നല്‍കാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത് കേന്ദ്രം പരിഗണിച്ചില്ല. കണ്ണൂര്‍, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മികച്ച നിലയില്‍ നടത്തുന്നത് സംസ്ഥാന സര്‍ക്കാരാണ്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിനായി ഭൂമി നല്‍കിയിട്ടുണ്ട്. സൗജന്യമായി നല്‍കിയ ഭൂമിയുടെ വില സംസ്ഥാന സര്‍ക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടതാണ്.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവള നടത്തിപ്പില്‍ മുന്‍പരിചയം ഉണ്ടായിട്ടും കേരളം അവഗണിക്കപ്പെട്ടു. യാതൊരു അനുഭവവും ഇല്ലാത്ത കമ്ബനിയെയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിപ്പ് ഏല്‍പ്പിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേല്‍നോട്ടവും അദാനിക്ക് നല്‍കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.