ടി.എ.ഇബ്രാഹിം: കാസർകോടിൻ്റെ വികസന ശിൽപിയുടെ വിയോഗത്തിന് നാൽപ്പത്തി രണ്ടാണ്ട്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ടി.എ.ഇബ്രാഹിം: കാസർകോടിൻ്റെ വികസന ശിൽപിയുടെ വിയോഗത്തിന് നാൽപ്പത്തി രണ്ടാണ്ട്

മുസ്ലിം ലീഗിൻ്റെ സമുന്നതനായ നേതാവും മുൻ .എം .എൽ .എ യും കാസർകോടിൻ്റെ വികസന ശില്പിയുമായിരുന്ന ടി.എ. ഇബ്രാഹിം സാഹിബിൻ്റെ വിയോഗത്തിന് നാല്പത്തി രണ്ടാണ്ട്
ദീർഘകാലം അവിഭക്ത കണ്ണൂർ ജില്ലാ മുസ്ലിം ലീഗിൻ്റെ വൈസ് പ്രസിഡണ്ടായും കാസർകോട് താലൂക്ക് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയായും കാസർകോട് പഞ്ചായത്തിലും നഗരസഭയിലും വൈസ് പ്രസിഡണ്ടായും അംഗമായും, എം.എൽ.എ.യായും പ്രവർത്തിച്ചിട്ടുള്ള ഇബ്രാഹിം സാഹിബ് നടത്തിയ ധീരമായ പ്രവർത്തനങ്ങളെ ഒരിക്കലും മറക്കാൻ കഴിയില്ല. മുസ്ലിം ലീഗിലെ ആദ്യത്തെ പിളർപ്പിൻ്റെ ഘട്ടത്തിൽ പാർട്ടിയുടെ നയരൂപീകരണങ്ങൾക്ക് ബുദ്ധിപരമായ രീതിയിൽ നേതൃത്വം നൽകിയിരുന്നത് ബി.വി.അബ്ദുല്ലക്കോയ എം.പി.യും ടി.എ.ഇബ്രാഹിം സാഹിബുമായിരുന്നു. രാഷ്ട്രിയത്തിൽ ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമെന്ന് കരുതുന്ന ഈ കാലഘട്ടവും ടി.എ.ഇബ്രാഹിം സാഹിബിൻ്റെ കാലഘട്ടവും പഠിക്കാൻ നമുക്ക് കഴിയണം. ഇന്ന് ജില്ലയിലെ മുസ്ലിം ലീഗിൽ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നേതാക്കളെയെല്ലാം വളർത്തി കൊണ്ട് വന്നത് ഇബ്രാഹിംച്ചയായിരുന്നു 1977 നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ കാസർകോട്ടെ സ്ഥാനാർത്ഥിയെ മാത്രം പ്രഖ്യാപിച്ചില്ല.കാരണം കാസർകോട് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നത് ടി.എ.ഇബ്രായിമിനെയായിരുന്നു. പക്ഷെ ഇബ്രാഹിംച്ച അതിന് തയ്യാറല്ലായിരുന്നു. പാർട്ടി നേതാക്കളുടെ സിച്ച്ൻ്റെയും ശിഹാബ് തങ്ങളുടെയും ബി.വി. അബ്ദുല്ലക്കോയയുടേയും ശക്തമായ സമ്മർദ്ദത്തെ തുടർന്നായിരുന്നു അവസാനം ഇബ്രായിംച്ച കാസർകോട് മത്സരിച്ചത്. ഇത് ഇന്ന് സങ്കൽപിക്കാൻ പോലും കഴിയില്ല. പാർട്ടിയിൽ വന്ന് രണ്ട് വർഷമാവുന്നതിനു മുമ്പ് തന്നെ പഞ്ചായത്ത് - മുനിസിപൽ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ കുപ്പായം തയ്ച്ച് വെക്കുന്നവരുടെ എണ്ണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ ടി.എ.ഇബ്രാഹിം സാഹിബിൻ്റെ നിലപാട് തങ്കലിപികളാൽ എഴുതിവെക്കേണ്ടതാണ്. 1923 ൽ ജനിച്ച് 1978 ആഗസ്റ്റ് 10നാണ് അദ്ദേഹം വിട പറഞ്ഞത്. വെറും 55 വയസ്സ് വരെ മാത്രമാണ് അദ്ദേഹം ജീവിച്ചത്.  നൂറ്റാണ്ടുകൾ കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്ത തീർത്താണ് അദ്ദേഹം വിട പറഞ്ഞത്. ഇബ്രാഹിംച്ച ലീഗുണ്ടാക്കാൻ ഓടി നടന്ന കാലം മുസ്ലിം ലീഗിൽ ജീവിതകാലം മുഴുവൻ പ്രവർത്തിച്ചാലും ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയില്ലന്നെന്ന് വിശ്വസിച്ചിരുന്ന കാലത്താണ്. കാസർകോട് താലൂക്കിൽ വടക്കൻ മേഖലയായ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൻ്റെ മുക്കും മൂലയിലും കിഴക്കൻ മേഖലയിലും ' മുസ്ലിം ലീഗുണ്ടാക്കാൻ നേതൃത്വം നൽകിയത്. ഇബ്രാഹിംച്ചയായിരുന്നു. ഇന്ന് എല്ലാ സൗകര്യങ്ങളുണ്ടായിട്ടുപ്പോലും ഏതെങ്കിലും ഒരു കമ്മിറ്റിയിൽ ഇടം കിട്ടാത്തതിൻ്റെ പേരിൽ യോഗങ്ങളിൽ നിന്നും മാറി നില്ക്കുന്ന മഹാമാരുടെ ഇടയിലാണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ പൂർവ്വീകരമ്മാർ മുസ്ലിം ലീഗ് പാർട്ടിയെ കെട്ടിപ്പടുക്കാൻ നടത്തിയ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞാൽ നമ്മുടെ പ്രവർത്തനം ഒന്നുമല്ലെന്ന് മനസ്സിലാകും
1977 ൽ കോഴിക്കോട് നടന്ന മുസ്ലിം ലീഗിൻ്റെ ചരിത്ര സമ്മേളനത്തിനുള്ള വളണ്ടിയർ മാർക്ക് കാസർകോട് മേഖലയിൽ പരിശീലനം നൽകിയത് ഇബ്രാഹിംച്ചയായിരുന്നു. പട്ടാളക്കാരനായ ടി.എ. ഇബ്രാഹിം സാഹിബ് പട്ടാള ചിട്ടയോട് കൂടിയാണ് മുസ്ലിം ലീഗിൽ പ്രവർത്തിച്ചത്.അച്ചടക്ക ലംഘനം അദ്ദേഹം ഒരിക്കലും വെച്ചുപൊറുപ്പിച്ചിരുന്നില്ല. അത് കൊണ്ട് തന്നെയാണ് മുസ്ലിം ലീഗിൻ്റെ പിളർപ്പിൻ്റെ കാലത്ത് സഹപ്രവർത്തകർ മുഴുവൻ മറുഭാഗത്തായിട്ടുപോലും ഇന്ത്യാഹിം സാഹിബ് ഔദ്യോഗിക പക്ഷത്തിൻ്റെ നെടുംതൂണായി മാറിയത്. 1978 ജനവരി 19ന് കാസർകോട് നടന്ന മുസ്ലിം ലീഗ്‌ താലൂക്ക് സമ്മേളനത്തിൻ്റെ സ്വാഗത സംഘം ചെയർമാൻ ഇബ്രാഹിംച്ചയായിരുന്നു. അദ്ദേഹത്തിൻ്റെ സ്വാഗത പ്രസംഗം അന്ന് പ്രിൻ്റ് ചെയത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്തിരുന്നു. അതിൻ്റെ ഒരു കോപ്പി ഇപ്പോഴും എൻ്റെ കയ്യിലുണ്ട്.
കാസർകോട്ടെ മുസ്ലിം ലീഗിൻ്റെ സുവർണ്ണകാലമായിരുന്നു അത്.
മുസ്ലിം ലീഗിലേക്ക് കടന്ന് വന്ന എല്ലാവർക്കും അവരവരുടെ കഴിവിനനുസരിച്ച സ്ഥാനമാനങ്ങൾ നല്കി അദ്ദേഹം പ്രോത്സ്യൽപ്പിച്ചിരുന്നുഅദ്ദേഹം. വായനക്കാരനായ രാഷ്ട്രിയക്കാരനായിരുന്നു അദ്ദേഹം വായിക്കുക മാത്രമല്ല മറ്റുള്ളവരെ വായിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം പല പ്രശസ്തമായ പുസ്തകങ്ങളും പണം നൽകി വരുത്തിച്ച് പ്രിയപ്പെട്ടവർക്കു നൽകുമായിരുന്നു. അക്കഥകളൊക്കെ വലിയ ആവേശത്തിൽ പരേതനായ കെ.എം. അഹമദ് മാഷും റഹ്മാൻ തായലങ്ങാടിയും പറയുന്നതും പ്രസംഗിക്കുന്നതും കേട്ടിട്ടുണ്ട്. തളങ്കരയിലെ ഏതാനും ചെറുപ്പക്കാർ ഇബ്രാഹിംച്ചാനെ സമീപിച്ച് തളങ്കരയിൽ ഒരു പോസ്റ്റ് ബോക്സ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു. ഇബ്രാഹിംച്ചയുടെ പ്രതികരണം ചെറുപ്പക്കാരെ അത്ഭുതപ്പെടുത്തി, നമുക്കെന്തിന് പോസ്റ്റ് ബോക്സ് നമുക്ക് ഒരു പോസ്റ്റ് ഓഫീസ് തന്നെ അനുവദിപ്പിക്കാമെന്നായിരുന്നു ഇബ്രാഹിംച്ച. ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം തന്നെ നൽകിയ കഥയെ അനുസ്മരിക്കുന്ന തരത്തിലാണ് അദ്ദേഹം പ്രവർത്തിച്ചത്. സമൂഹത്തിൽ ചെറുപ്പ വലിപ്പമില്ലാതെയാണ് അദ്ദേഹം പെരുമാറിയത്. എല്ലാവരും ഇബ്രാഹിംച്ചാൻ്റെ സുഹൃത്തുക്കളായിരുന്നു. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ അജയ്യ ശക്തിയായി വളർത്തിയെടുക്കുന്നതിനും, ഇന്ന് കാസർകോട് കാണുന്ന മുഴുവൻ വികസനങ്ങൾക്കും അടിത്തറ പാകുകയും ചെയ്ത ഇബ്രാഹിം സാഹിബിനെ വിട പറഞ്ഞ് നാല്പത്തി രണ്ട് വർഷമായിട്ടും ഇന്നും കാസർകോട്ടെ ജനത മനസ്സിൽ കൊണ്ട് നടക്കുന്നത് തന്നെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്.
സർവ്വശക്തനായ അള്ളാഹു ടി.എ.ഇബ്രാഹിം സാഹിബിൻ്റെ പരലോക ജീവിതം ധന്യമാക്കട്ടെ (ആമീൻ)

എ.അബ്ദുൽ റഹ് മാൻ
ജനറൽ സെക്രട്ടറി
മുസ്ലിം ലീഗ് കാസർകോട് ജില്ല കമ്മിറ്റി