കർട്ടനിട്ട സർക്കാർ വാഹനങ്ങൾക്കെതിരേയും നടപടി വേണം; ഹൈക്കോടതി ഉത്തരവ്

കർട്ടനിട്ട സർക്കാർ വാഹനങ്ങൾക്കെതിരേയും നടപടി വേണം; ഹൈക്കോടതി ഉത്തരവ്
കൊച്ചി: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന മോട്ടോര്‍ വാഹന നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉറപ്പാക്കണമെന്നു ഹൈക്കോടതി. യാത്രാബസ് രൂപമാറ്റം വരുത്തി സ്കൂള്‍ ബസാക്കി മാറ്റാന്‍ അനുമതി തേടുന്ന അപേക്ഷ അധികൃതര്‍ നിരസിച്ചതിനെതിരെ നല്കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
നിയമാനുസൃതമല്ലാത്ത ലൈറ്റുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ അനുവദിക്കരുത്, ലൈറ്റുകള്ക്കു പുറമേ സിഗ്നല്‍ ലൈറ്റുകളും റിഫ്ളക്ടറുകളും ഉണ്ടെന്ന് ഉറപ്പാക്കണം, നന്പര് പ്ലേറ്റിലെ അക്കങ്ങളും അക്ഷരങ്ങളും സ്പഷ്ടവും വ്യക്തവുമായിരിക്കണം, നന്പര് പ്ലേറ്റില്‍ മറ്റു ചിഹ്നങ്ങളോ ചിത്രങ്ങളോ പാടില്ല, വാഹനത്തിലെ അകക്കാഴ്ച മറയ്ക്കുന്ന തരത്തില്‍ ഗ്ലാസില്‍ കര്‍ട്ടനുകളോ സ്റ്റിക്കറുകളോ പാടില്ല. ഇത്തരത്തിലുള്ള സര്‍ക്കാര്‍ വാഹനമാണെങ്കില്‍ പോലും നടപടിയെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.
വാഹനങ്ങളുടെ രൂപ മാറ്റത്തിനും ഉപയോഗ മാറ്റത്തിനുമുള്ള അപേക്ഷകളില്‍ കൃത്യമായി പരിശോധന നടത്തി തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഉത്തരവ് നല്കി.