കോളേജിന് മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന് യുവാവ്; പ്രണയം നിരസിച്ചതിലെ പകയെന്ന് പൊലീസ്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോളേജിന് മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന് യുവാവ്; പ്രണയം നിരസിച്ചതിലെ പകയെന്ന് പൊലീസ്‌

ഫരീദാബാദ്(www.kasaragodtimes.com 27.10.2020) : ഹരിയാനയിലെ ഫരീദാബാദിനടുത്തുള്ള ബല്ലഭ്ഗഡ് അഗര്‍വാള്‍ കോളേജിലെ വിദ്യാര്‍ത്ഥിനി നികിതാ തോമറിനെ, കോളേജ് പരിസരത്തെ റോഡില്‍ വെച്ച്‌, രണ്ട് അക്രമികള്‍ ചേര്‍ന്ന് ആദ്യം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും, ശ്രമം പരാജയപ്പെട്ട ദേഷ്യത്തിന് യുവതിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊല്ലുകയും ചെയ്തു.
ഈ യുവതി ഒരു മാസം മുമ്ബ്, അക്രമികളില്‍ ഒരാളായ തൗഫീഖിനെതിരെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാക്ഷേപിച്ച്‌ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടായിരുന്നു. പ്രാദേശിക പത്രപ്രവര്‍ത്തകരില്‍ ഒരാളായ രാജ് ശേഖര്‍ ഝാ ആണ് തന്റെ ട്വിറ്റെര്‍ ഹാന്‍ഡിലിലൂടെ ഈ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

കാറില്‍ നിന്ന് തോക്കുമായി ഇറങ്ങി വന്ന അക്രമി, നികിതയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും, യുവതി കുതറിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോയിന്റ് ബ്ലാങ്കില്‍ അവളെ വെടിവെച്ചുകൊന്ന ശേഷം അതേ കാറില്‍ കയറി പാഞ്ഞു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.തോക്കുചൂണ്ടി വെടിവെക്കാനാഞ്ഞ തൗഫീഖിനെ തടയാന്‍ ശ്രമിച്ചുകൊണ്ട് കാര്‍ ഓടിച്ചിരുന്ന അയാളുടെ കൂട്ടാളി അടുത്തെത്തിയപ്പോഴേക്കും വെടി പൊട്ടിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് തൗഫീഖിനെ വിളിച്ച്‌ കാറില്‍ കയറ്റി അവര്‍ ഇരുവരും കൂടി രക്ഷപ്പെടുകയാണുണ്ടായത്. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും നികിത അപ്പോഴേക്കും മരണപ്പെട്ടു കഴിഞ്ഞിരുന്നു. എസ്ജിഎം നഗര്‍ നിവാസിയായ യുവതി അഗര്‍വാള്‍ കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു. പന്ത്രണ്ടാം ക്‌ളാസ് വരെ നികിതയുടെ ക്‌ളാസില്‍ തന്നെയാണ് തൗഫീഖും പഠിച്ചിരുന്നത്. ഇയാള്‍ നികിതയെ പിന്നാലെ നടന്നു ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങളായി എന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ മാസം പ്രതി തൗഫീഖിനെതിരെ നികിത നല്‍കിയ പരാതിയിന്മേല്‍ ഇരു പക്ഷത്തേയും ചര്‍ച്ചക്ക് വിളിച്ചു വരുത്തിയ പോലീസ് ഇവര്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിച്ച്‌ കേസില്ലാതെ അവസാനിപ്പിച്ചിരുന്നു. നിഖിതയോട് നടത്തിയ പ്രണയാപേക്ഷ നിരസിക്കപ്പെട്ടതിലുണ്ടായ വൈരാഗ്യം കാരണമാണ് തൗഫീഖ് യുവതിയെ വെടിവെച്ചു കൊന്നത് എന്ന് ബല്ലഭ്ഗഡ് എസിപി ജയ്‌വീര്‍ റാഠി ടിംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.