കര്‍ണാടക രാമനഗരില്‍ പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയത് അച്ഛനും സഹോദരങ്ങളും; ദുരഭിമാനക്കൊലയെന്ന് പോലീസ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കര്‍ണാടക രാമനഗരില്‍ പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയത് അച്ഛനും സഹോദരങ്ങളും; ദുരഭിമാനക്കൊലയെന്ന് പോലീസ്

രാമനഗര (www.kasaragodtimes.com 17.10.2020): കർണാടക രാമനഗരയിൽ 19കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. രാമ നഗർ ജില്ലയിലെ മഗഡി താലൂക്കിൽപ്പെട്ട ബെട്ടടഹള്ളി സ്വദേശിനിയായ ഹേമലത (19)യുടെ യഥാർത്ഥ ഘാതകരെ കണ്ടെത്തിയ ആശ്വാസത്തിലാണ് പോലീസ്.സംഭവത്തിൽ അച്ഛനെയും മൂത്ത സഹോദരനെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. ആദ്യ ഘട്ടത്തിൽ ഈ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. വിശദമായ അന്വേഷണത്തിലൂടെയാണ് ഘാതകരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സാധിച്ചത്. പെൺകുട്ടിയെ കാണാതായെന്ന് കാട്ടി  പിതാവ് കൃഷ്ണപ്പ ഒക്ടോബർ ഒമ്പതിന് പരാതി നൽകിയിരുന്നു. എന്നാൽ ഒക്ടോബർ പത്തിന് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പരാതിനൽകി. ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന തരത്തിൽ അവർണ വിഭാഗങ്ങളെ ആക്ഷേപിക്കാൻ സവർണ്ണ ജാതിക്കാരും ഇവരെ പിന്തുണക്കുന്ന രാഷ്ട്രീയക്കാരും രംഗത്ത് വന്നിരുന്നു. കുടുംബാംഗങ്ങൾ തെളിവുകൾ നശിപ്പിച്ചതിനാൽ ഇതൊരു വെല്ലുവിളി നിറഞ്ഞ കേസായി മാറിയിരുന്നെന്ന് പോലീസ് പറഞ്ഞു.  മൂത്ത സഹോദരൻ ചേതനും അച്ഛൻ കൃഷ്ണപ്പയും ചേർന്ന് കല്ല് കൊണ്ടിടിച്ചാണ് പെൺ കുട്ടിയെ കൊലപ്പെടുത്തിയത്. താഴ്ന്ന ജാതിയിൽപ്പെട്ട കാമുകൻ പുനീതിനൊപ്പം പുറത്തുപോയി കുടുംബത്തിന് അപമാനം  ഉണ്ടാക്കി എന്നാരോപിച്ചായിരുന്നു കൊലപാതകം.  ദുരഭിമാന കൊലയാണ് നടന്നതെന്ന്  പോലീസ് വെളിപ്പെടുത്തി.  മൃതദേഹം ഇവരുടെ തന്നെ വയലിൽ കുഴിച്ചിടാൻ പ്രായപൂർത്തിയാകാത്ത  സഹോദരനും കൂട്ടുനിന്നുവെന്ന് പൊലീസ് വ്യക്തമാക്കി