എന്റെ അഉക്കർഞ്ഞിയും പോയി...

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

എന്റെ അഉക്കർഞ്ഞിയും പോയി...

എൻ്റെ അഉക്കർഞ്ഞിയും പോയി.........

ലേഖകൻ: എ. അബ്ദുൽ റഹ് മാൻ

 

എന്റെ  ഏറ്റവും അടുത്ത സ്നേഹിതനും ബിസിനസ്സ് പാർട്ണറും മുസ്ലിം ലീഗ് നെല്ലിക്കുന്ന് രണ്ടാം വാർഡ് പ്രസിഡണ്ടും മതസാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന എം.പി.അബൂബക്കർ (അഉക്കർഞ്ഞി) നമ്മെ വിട്ട് പോയിരിക്കുന്നു. ഇന്നാലില്ലാഹി..........
1977- 1978 കാലഘട്ടത്തിൽ ജോലി ആവശ്യയാർത്ഥം ഞാൻ കാസർകോട് മത്സ്യ മാർക്കറ്റിലെത്തിയത് മുതൽ എൻ്റെ കൂട്ടുകാരനായിരുന്നു അഉക്കർഞ്ഞി. ഞങ്ങളെ ഏറ്റവും കൂടുതൽ അടുപ്പിച്ചത് മുസ്ലിം ലീഗായിരുന്നു. മുസ്ലിം ലീഗ് തടിക്ക് പിടിച്ച ഒരു പാർട്ടി പ്രവർത്തകനായിരുന്നു അന്നേ അബൂബക്കർ. ഞാനും സഹോദരൻ ശാഫിയും മാർക്കറ്റിൽ ബിസിനസ്സ് ആരംഭിച്ചത് മുതൽ അബൂബക്കറും അളിയൻ പരേതനായ എം.എ.ഖാദർ മാസ്തിക്കുണ്ടും പരേതനായ എം.എ.മുഹമ്മദ് കുഞ്ഞിയും പാട്ട്ണർമാരായിരുന്നു. ഒരു കുടുംബത്തെ പോലെയാണ് ഞങ്ങൾ ജീവിച്ചത്. അന്ന് മീൻ കടത്തിയിരുന്നത് കാറുകളിലായിരുന്നു. അന്ന് എല്ലാവർക്കും സ്വന്തമായി കാറുണ്ടായിരുന്നു. പകൽ കച്ചവടം കഴിഞ്ഞാൽ രാത്രി കാലങ്ങളിൽ കാർ വാടകയ്ക്ക് ഓടുമായിരുന്നു. ബദ്രിയ ഹോട്ടൽ പരിസരമായിരുന്നു ഞങ്ങളുടെ കേന്ദ്രം
2020 ഫെബ്രവരി 18 വരെ എൻ്റെ ക്യാമ്പ് ഓഫീസ് ബദിരിയ തന്നെയായിരുന്നു. അബൂബക്കർ എനിക്ക് സ്നേഹിതൻ മാത്രമല്ല ജേഷ്ഠ സഹോദരൻ കൂടിയായിരുന്നു. പൊതുപ്രവർത്തനത്തിനിടയിൽ ബിസിനസ്സിൽ ശ്രദ്ധിക്കാൻ കഴിയാതിരുന്ന എന്നോട് യാതൊരു വിധ വെറുപ്പും പ്രകടിപ്പിക്കാതെ എന്നെ ചേർത്തു പിടിക്കുകയായിരുന്നു അനുജൻ ശാഫിയും അഉക്കർക്കഞ്ഞിയും. അനുജൻ ശാഫിയുടെ മരണത്തോടെ ബിസിനസ്സിൻ്റെ പൂർണ്ണ ചുമതല അബൂബക്കറിനായിരുന്നു. ആ ചുമതല നിർവ്വഹിച്ചു വരുന്നതിനിടയിലായിരുന്നു മരണം അഉക്കർഞ്ഞിയെ കൊണ്ട് പോയത്. ഞങ്ങളുടെ ചങ്ങാതികൂട്ടത്തിൽ ഒരുപാട് പേരുണ്ടായിരുന്നു.
പി. എം. അമീറും പരേതരായ പാളമുഹമ്മദും, കുണ്ടാർ അദ്രയീയും,ബി.സ്സു്. റഹ്മത്തും. പെരുന്നാളിനും മറ്റും ഞങ്ങൾ ഒരേ തരത്തിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ഞാൻ 1977 അവസാനത്തിൽ മാർക്കറ്റിൽ കൊല്ലമ്പാടി ഹസൈനാർച്ചാൻ്റെ അടുത്ത് കണക്ക് എഴുതാൻ വേണ്ടിയാണ് പോയത്. പിന്നീട് മുസ്ലിം ലീഗിൻ്റെയും എസ്.ടി.യു.വിൻ്റെയും വളണ്ടിയർ കോർ കേപ്റ്റനും പ്രമുഖ മത്സ്യ മൊത്തവ്യാപാരിയുമായിരുന്ന മാസ്തിക്കുണ്ടിലെ എൻ.എ.മുഹമ്മദ് കുഞ്ഞിയുടെ  (എൻമംച്ച ) കൂടെയും ഞാൻ ജോലി ചെയ്തു. പിന്നീട് മാർക്കറ്റിലെ മുഴുവൻ കച്ചവടക്കാരും ഒന്നിച്ച് രൂപീകരിച്ച ബിസ്മില്ലാ കമ്പനിയുടെ റൈറ്ററും ഞാൻ തന്നെയായിരുന്നു.
1978 ഏപ്രിൽ 18 നായിരുന്നു കാസർകോട് മാർക്കറ്റ് കേന്ദ്രീകരിച്ച് രൂപികരിച്ച കാസർകോട് താലൂക്ക് മത്സ്യവിതരണ തൊഴിലാളി യൂണിയൻ എസ്. ടി. യു കമ്മിറ്റിയിലും പ്രധാന ഭാരവാഹിയായിരുന്നു അബൂബക്കർ. ആ കമ്മിറ്റിയിൽ സെക്രട്ടറിയായി ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ച ഞാൻ പിന്നീട് എസ്. ടി. യു. അബ്ദുൽ റഹ്മാനായി മാറി. 1979ൽ കാസർകോടിനെ നടുക്കിയ നസീർ എന്ന ചെറുപ്പക്കാരന്നെ ചിലർ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നസീറിൻ്റെ കുടുംബത്തിൻ്റെ കൂടെ നിന്നത് കാസർകോട് മാർക്കറ്റിലെ ചെറുപ്പക്കാരായിരുന്നു. കൊല ചെയ്യപ്പെട്ട നസീറിൻ്റെ മയ്യിത്ത് ഏറ്റു വാങ്ങിയതും മാർക്കറ്റിലെ ചെറുപ്പക്കാർ തന്നെ. വാടാനപള്ളിയിൽ പോയി നസീറിൻ്റെ മാതാവിനെ കാസർകോട്ടേക്ക് കൂട്ടികൊണ്ട് വന്നത് അബൂബക്കറായിരുന്നു. മകൻ്റെ മയ്യിത്ത് കണ്ട ആ പാവം ഉമ്മയും ഇവിടെ തന്നെ വീണു മരിച്ചു. രണ്ട് മയ്യിത്തും താലയങ്ങാടി ഖിളർ ജുമുഅത്ത് പള്ളി പരിസരത്തായിരുന്നു മറവ് ചെയ്തത്. വലിയ മനുഷ്യ സ്നേഹിയും അതിലേറെ പര സഹായിയുമായിരുന്നു അബൂബക്കർ. സ്നേഹ ബന്ധത്തിന് ഇത്രയേറെ വില കല്പിച്ച മറ്റൊരാളെ കാണാൻ കഴിയില്ല. എത്ര എത്ര മുടങ്ങി പോവുമായിരുന്ന കല്യാണങ്ങളാണ് അബൂബക്കറിൻ്റെ നേതൃത്വത്തിൽ കഴിച്ചു കൊടുത്തതെന്ന് തിട്ടപ്പെടുത്താൻ കഴിയില്ല. ആരാരുമില്ലാത്ത പാവങ്ങൾക്ക് എന്നും അദ്ദേഹം ഒരു തണൽ മരമായിരുന്നു.
 അഉക്കർക്കഞ്ഞിയുടെ മരണം എനിക്ക് വ്യക്തിപരമായി താങ്ങാവുന്നതിലും അപ്പുറമാണ് വേദനയും നഷ്ടവും ഉണ്ടാക്കിയിട്ടുള്ളത്. 
എൻ്റെ വേദനയിലും സുഖത്തിലും ഉയർച്ചയിലും വളർച്ചയിലും ഒരുപോലെ എന്നോടൊപ്പം നിന്ന അഉക്കർഞ്ഞി എന്നെ എല്ലാ കാര്യത്തിലും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. 42 കൊല്ലത്തെ ബന്ധത്തിനടയിൽ 10 വർഷം ഖത്തർ നാഷനൽ ബാങ്കിൽ ജോലി ചെയ്തത് ഒഴിച്ചാൽ ബാക്കി മുഴുവൻ ഞങ്ങൾ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു. അസുഖബാധിതനായി ആസ്പത്രിയാലായിരുന്ന ഞാൻ വീട്ടിലെത്തിയപ്പോൾ തൻ്റെ ആരോഗ്യസ്ഥിതി മറന്ന് അഉക്കർഞ്ഞി എന്നെ കാണാൻ വീട്ടിലെത്തിയിരുന്നു.  മുസ്ലിം ലീഗ് എന്നും അദ്ദേഹത്തിന് ഒരു ലഹരിയായിരുന്നു. മുസ്ലിo ലീഗിൻ്റെ ഒരു പരിപാടി എവിടെ നടന്നാലും അവിടെ അഉക്കർഞ്ഞി അവിടെ എത്തും. തെരഞ്ഞെടുപ്പ് കാലം വിശ്രമമില്ലാതെ പ്രവർത്തിച്ചിരുന്ന അബൂബക്കർ ഏറ്റെടുത്ത ഉത്തരവാദിത്വം എന്ത് സഹിച്ചും നിറവേറ്റുമായിരുന്നു. പാർട്ടി നേതാക്കമാരോട് എന്നും ആദരവ് പ്രകടിപ്പിച്ചിട്ടുള്ള അബൂബക്കർ വലിയ സൽക്കാര പ്രിയനായിരുന്നു. മത പണ്ഡിതൻമ്മാരുമായും ഉസ്താദുമാരുമായി നല്ല അടുപ്പം പുലർത്തിയിരുന്ന അബൂബക്കർ നല്ലൊരു ദീനി സ്നേഹിയായിരുന്നു. ജീവിതത്തിൽ നന്മകളെ വാരിപ്പുണർന്ന അബൂബക്കറിന് സർവ്വശക്തനായ അള്ളാഹു പരലോക സുഖം പ്രദാനം ചെയ്യട്ടെ (ആമീൻ)