ഇരുട്ടിന്റെ ആത്മാവിന് പ്രകാശമാവേണ്ട മൂന്നക്ഷരങ്ങൾ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇരുട്ടിന്റെ ആത്മാവിന് പ്രകാശമാവേണ്ട മൂന്നക്ഷരങ്ങൾ

  ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധിയാണ് മനുഷ്യൻ എന്ന പ്രത്യയശാസ്ത്ര ദർശനം പാഠങ്ങളായ പ്രായത്തിന് മുമ്പേ അനുഭവ,പരിസര പാഠങ്ങളായത് ജന്മ സുകൃതം.
നന്നായി നോവുമ്പോൾ നെഞ്ച് പിളർന്ന് പുറത്തുവരുന്ന വിളി ഭാഷ,ദേശ,വർഗ്ഗ,വർണ്ണ,കുഭേര,കുചേല....ഭേദമില്ലാതെ ഈശ്വരൻ കേൾക്കും.ദൈവത്തിന്റെ കാരുണ്യം ഭൂമിയിൽ അവന്റെ പ്രതിനിധിയിലൂടെ നടപ്പാക്കും.ദൈവത്തിന്റെ സ്വന്തം ഭൂമിയിൽ മനുഷ്യർ തീർത്ത അതിരുകൾക്കിടയിൽ കുടുങ്ങിപ്പോയ പ്രവാസി കുടുംബങ്ങൾ നടത്തിയ പ്രാർത്ഥനക്ക് ഉത്തരം നേത്രാവതിക്കരയിൽ നിന്നാണ് വന്നത്.
ഇരുട്ടിന്റെ ആത്മാവ് ഇരുട്ടത്ത് ഇറക്കിവിട്ടവരിൽ കരയുന്ന കുഞ്ഞുങ്ങളുണ്ടായിരുന്നു.കേഴുന്ന മാതാക്കളും ഉള്ളാളുന്ന ആണുങ്ങളുമുണ്ടായിരുന്നു.എന്തുകൊണ്ടോ ജന സേവനത്തിന് പകരമായി ലക്ഷവും കാറും പാറാവും ബംഗ്ലാവും അനുഭവിക്കുന്ന ഒരു മൂന്നക്ഷരം അധികാരിയുടെ തലക്ക് തമസ്സ് കൂട്ടായതിന്റെ ഇരകളായിരുന്നു അവർ.കാസർക്കോട് സിവിൽ സ്റ്റേഷൻ വളപ്പിൽ ജില്ല പഞ്ചായത്ത് കാര്യാലയ അങ്കണത്തിൽ വിഖ്യാത ശില്പി കാനായി കുഞ്ഞിരാമൻ പണിത കേഴുന്ന മാതാവ് ശില്പമുണ്ട്.മറ്റൊരു കെട്ടിടത്തിൽ സഞ്ചരിക്കുന്ന ശിലാഹൃദയ ശില്പവും ഉണ്ടെന്ന് മനസ്സിലായത് ക്വാറന്റയിനിൽ കഴിയുന്ന കർണ്ണാടകക്കാരായ 150 പ്രവാസികളെ കാസർക്കോട്ടെ മൂന്ന് ഹോട്ടലുകളിൽ നിന്ന് ഇരുട്ടിലേക്ക് ഇറക്കിവിട്ടപ്പോഴായിരുന്നു.
അപ്പോഴാണ് അവർ കരഞ്ഞുപോയത്.ഇത്ര കേരളത്തിലാണോ ജനാധിപത്യ ഇന്ത്യയിൽ കർണ്ണാടക എന്ന് ചിന്തിച്ചുപോയത്.
അപ്പോഴാണ് നേത്രാവതി ഓളങ്ങൾ തഴുകി സാന്ത്വന വരികൾ കാറ്റ് കൊണ്ടുവന്നത്.ഈശ്വരൻ ഹിന്ദുവല്ല,മുസൽമാനല്ല,ക്രിസ്ത്യാനിയല്ല...തുളുവനല്ല,കന്നഡികനല്ല,മലയാളിയല്ല,ബ്യാരിയല്ല...
മംഗളൂറു എം.എൽ.എ യു.ടി.ഖാദറിന്റെയും മംഗളൂറു ഡി.സി. സിന്ധു ബി.രൂപേഷിന്റേയും ഹൃദയ താളമായിരുന്നു ആ വരികൾ.കാസർക്കോട്ടെ ഇരുട്ടിന്റെ ആത്മാവിന്റെ ഉത്തരവുകൾ സിന്ധു ചാർത്തിയ സ്നേഹ സിന്ധൂരത്തിൽ മാഞ്ഞുപോയി.ഖാദറിന്റെ കരുതൽ തിരമാലകളിൽ അലിഞ്ഞുപോയി.ഇരുട്ടിൽ ഇറക്കിനിറുത്തപ്പെട്ടവർ നാല് ബസ്സുകളായി ബ്രഹ്മാവ് കനിഞ്ഞ പുഷ്പക വിമാനത്തിൽ പറന്ന് മംഗളൂറുവിൽ അവർക്കായി ഒരുക്കിയ മനോഹരവും ഭദ്രവുമായ കൂടുകളിൽ ചേക്കേറി.
ഖാദർ സിന്ധുവിനോട്  ആദരവോടെ ആരാഞ്ഞത്,മാഡം നമുക്ക് അവരെ ഇങ്ങ് കൊണ്ടുവരണ്ടേ എന്നായിരുന്നു.
ആരെ,സർ?-ഐ.എ.എസുകാരി എം.എൽ.എയോടുള്ള പ്രൊട്ടകോൾ പാലിച്ച് തിരിച്ചു ചോദിച്ചു.
കണ്ണൂരിൽ വിമാനമിറങ്ങിയ 150 കർണ്ണാടകക്കാർ കാസർക്കോട്ട് പെരുവഴിയിലാണെന്ന് ഖാദർ പറഞ്ഞപ്പോൾ അവർ അന്തംവിട്ടു.അങ്ങിനെയൊരു വിവരം ദക്ഷിണ കന്നട ജില്ല ഭരണ അധിപയായ തനിക്കോ സർക്കാറിനോ ലഭിച്ചിരുന്നില്ല."നൊ"പറയാൻ എല്ലാം റെഡിയാണ്.പക്ഷെ.....ആവശ്യം ഉന്നയിച്ചയാളുടെ മാസ്കിൻ മറയത്തെ മുഖവും മനസ്സും അതിന് അനുവദിച്ചില്ല.ദമാം,മംഗളൂറു വിമാനത്താവളങ്ങളിൽ പ്രവാസി യാത്രക്കാർ ഉയർത്തിയ ആദരവിന്റെ പ്ലക്കാർഡുകളിൾ യു.ടി.ഖാദറിന്റെ പേരുണ്ടായിരുന്നു.ബോളൂർ മസ്ജിദ് ശ്മശാനത്തിൽ കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം ഖബറടക്കിയ വേളയിൽ മാസ്ക് മാത്രം കവചമായി സഹായത്തിനെത്തിയ എം.എൽ.എ.ആ സാഹസികത തെറ്റായ സന്ദേശം നൽകില്ലേ എന്ന ചോദ്യങ്ങൾക്ക് ഖാദറിന്റെ മറുപടി ഇതായിരുന്നുവല്ലോ-"തെറ്റാണ്.എന്നാൽ ശരികേടിനെതിരെയുമാണ് ഈ സന്ദേശം.ഡ്രൈവർക്കും ഡി ഗ്രേഡ് ജീവനക്കാരനും എല്ലാം വിട്ടുകൊടുത്ത് തിരിഞ്ഞുനോക്കാത്ത ബന്ധുക്കൾക്കുള്ളത്".
സമ്മതം മൂളുമ്പോൾ സിന്ധുവിന്റെ മനസ്സിലും  ഈശ്വരനുണ്ടായിരുന്നു,മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പക്കെന്നപോലെ.ഇരുട്ടിന്റെ ആത്മാവിലും അതിന്റെ മുഖ്യമന്ത്രിക്കും ഇല്ലാത്തത്.നാല് ബസ്സുകൾ മംഗളൂരുവിലെത്തിയപ്പോൾ ചുമട്ടുകാരനായതും എം.എൽ.എ.
ഐ.എ.എസ്,എം.എൽ.എ മൂന്നക്ഷരങ്ങൾക്കൊപ്പം കെ.എ.എസ് അധികാരിയും അവസരത്തിനൊത്തുയർന്ന രംഗങ്ങൾക്ക് സാക്ഷിയായതും നേത്രാവതിക്കര.ഇഡ്യയിൽ കൊവിഡ് ബാധിച്ച് മരിച്ച 31 കാരന്റെ മയ്യിത്ത് മറവുചെയ്യുന്നതിന് തടസ്സങ്ങൾ ഉയർന്നപ്പോൾ മംഗളൂറു അസി.കമ്മീഷണർ മദൻ മോഹൻ പാർപ്പിട വേഷത്തിൽ കുതിച്ചെത്തി ഉച്ചഭാഷിണിയിൽ അഭ്യർത്ഥിച്ചു-"അരുത്,തടയരുത്,നാളെ നമുക്കും ഇത് സംഭവിക്കാം.ഭയം വേണ്ട ഭരണകൂടം ഒപ്പമുണ്ടാവും".മൃതദേഹ സംസ്കരണം പ്രൊട്ടകോൾ പാലിച്ച് നടന്നു.
താണ നിലത്തേക്ക് നീരൊഴുകുന്ന പ്രകൃതി നിയമം ദൈവത്തിന്റേതാണ്.ഉടുപ്പി സെഷൻസ് കോടതി കഴിഞ്ഞ ദിവസം നിയമം ഒഴുക്കിവിട്ടത് മാനവികതയുടെ താഴ് വാരത്തേക്കായിരുന്നു.2016 ജുലൈയിൽ ഭാര്യയും മകനും ചേർന്ന് പ്രവാസി വ്യവസായിയും ഉടുപ്പി സ്റ്റാർ ഹോട്ടൽ ഉടമയുമായിരുന്ന ഭാസ്കർ ഷെട്ടിയെ കൊന്നുകളഞ്ഞ കേസ്സിൽ കൂട്ടുപ്രതിയാണ് നന്തലികെ നിരഞ്ജൻ ഭട്ട്.യുവ പൂജാരിയായിരുന്ന ഇയാൾ നാല് വർഷമായി ബംഗളൂറു പരപ്പനഹള്ളി ജയിലിലാണ്.ഈ മാസം 22ന് ഇയാളുടെ പിതാവും മറ്റൊരു പ്രതിയുമായ  ശ്രീനിവാസ ഭട്ട് മരിച്ചു.അന്ത്യകർമ്മങ്ങൾക്ക് ഏക മകനായ തനിക്ക് ജാമ്യം വേണം എന്ന ആവശ്യമാണ് 15ദിവസത്തേക്ക് കോടതി അംഗീകരിച്ചത്.ഭർത്താവിന്റെ,പിതാവിന്റെ ജഡം മുഖ്യപ്രതികൾ ഏല്പിച്ചപ്പോൾ ഹോമകുണ്ഡം ഒരുക്കി ഭസ്മമാക്കിയത് നിരഞ്ജൻ.ആ ചാരം നദിയിലൊഴുക്കിയത് അച്ഛൻ.എന്നിട്ടും നിയമം കണ്ടു,ഒരു പുത്രന് പിതാവിനോടുള്ള കടമ.
ഐ.എ.എസുകാർ അത് സംസ്ഥാനം ചാർത്തിക്കൊടുത്തതായാൽ പോലും ഇന്ത്യയുടെ സ്വത്താണ്.ആ സ്വത്തിനും ജീവനും സംരക്ഷണം നൽകാനാണ് പാറാവും തോക്കേന്തിയ പൊലീസും മറ്റും.
അനധികൃതമായി സ്വത്ത് സമ്പാദിച്ചാൽ പിടികൂടാനും കരുതലുണ്ടെന്ന് കരുതുക.അഴിമതി അഴികൾ മതി അവസ്ഥയിലേക്ക് വഴുതാൻ തൻമാത്ര മതിയാവും.ഉടുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണർ   ജി.ജഗദീശ തിളങ്ങി നിൽക്കുകയായിരുന്നു.പൊടുന്നനെ അത് കെട്ടുപോയത് കണ്ടോ?കോളാർ ജില്ല പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റം ലഭിച്ച വേളയിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 23ന്   ഒരുക്കിയ ചടങ്ങിൽ സ്വീകരിച്ച പാരിതോഷികങ്ങളുടെ പേരിൽ ജഗദീശക്കെതിരെ ആന്റി കറപ്ഷൻ ബ്യൂറോ കേസ്സെടുത്തിരിക്കയാണ്.കോളാർ ജില്ല സെഷൻസ് കോടതിയുടെ ഉത്തരവനുസരിച്ചാണിത്.
ചുമതലയേൽക്കൽ പ്രമാണിച്ച് ഉപഹാരങ്ങൾ സ്വീകരിച്ച ഇരുട്ടിന്റെ ആത്മാക്കൾ ഉണ്ടെങ്കിൽ അവർക്കും ഇതൊരു മുന്നറിയിപ്പാണ്.ദൃശ്യങ്ങളിൽ തെളിയുന്ന മുഖങ്ങൾ അധികവും ചേരകളുടേതാണ്.മഞ്ചേശ്വരം ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥന്റെ വിരട്ടലിൽ ഞെട്ടി പത്രം നിറുത്തിയ സഫാരി സൂട്ടുകാരൻ വരെ.ഈ ചേരകളുടെ നടുക്കഷണം തിന്ന് പത്രപ്രവർത്തനം അങ്ങാടി മരുന്നും തറിമരുന്നുമാക്കിയവർക്കൊപ്പം ചിയേഴ്സ് വിളിക്കുമ്പോൾ ഓർക്കണം മാളങ്ങളിൽ ഇതെല്ലാം  സർപ്പങ്ങൾ കാണുന്നുണ്ട്.