ആരാധന ചട്ടങ്ങള്‍ വ്യക്തമാക്കി ഡിജിപിയുടെ പുതുക്കിയ ഉത്തരവ്; അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ആരാധന ചട്ടങ്ങള്‍ വ്യക്തമാക്കി ഡിജിപിയുടെ പുതുക്കിയ ഉത്തരവ്; അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത്

തിരുവനന്തപുരം(www.kasaragodtimes.com 04.04.2020) : പള്ളികളിലെയും ക്ഷേത്രങ്ങളിലെയും ആരാധന ചട്ടങ്ങൾ വ്യക്തമാക്കി ഡിജിപി പുതിയ ഉത്തരവിറക്കി. അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്നാണ് ഉത്തരവ്. വിശുദ്ധവാര ചടങ്ങുകളുടെ ഈ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശങ്ങൾ. നേരത്തെ രണ്ട് പേരിൽ കൂടുതൽ പാടില്ലെന്നായിരുന്നു നിർദ്ദേശം. പൊതുജനങ്ങളെ പങ്കെടുപ്പിക്കരുത് എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. വാതിലുകൾ അടച്ച് വേണം ചടങ്ങുകൾ നടത്താൻ എന്നാണ് നിർദേശം. ആരാധനാലയങ്ങളെ ചടങ്ങുകൾക്ക് രണ്ടു പേരിൽ കൂടുതൽ ആളുകൾ പാടില്ലെന്നായിരുന്നു ഡിജിപിയുടെ ആദ്യ ഉത്തരവ്. ഇത് പ്രായോഗികമല്ലെന്ന് പരാതികൾ കണക്കിലെടുത്താണ് ചില ഇളവുകൾ വരുത്തിയത്. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ച് പേർക്ക് പങ്കെടുക്കാം. മതപുരോഹിതർ അടക്കമുള്ളവരായിരിക്കണം അഞ്ചുപേർ. യാതൊരു കാരണവശാലും ആളുകൾ കൂട്ടം കൂടരുത്. ചടങ്ങുകളിൽ പൊതുജനങ്ങൾ പങ്കെടുക്കാൻ പാടില്ല. വാതിലുകൾ അടച്ച് വേണം ചടങ്ങു നടത്താൻ. വിശ്വാസികൾ ആരാധനാലയങ്ങളിലേക്ക് എത്തുന്നത് ഒഴിവാക്കാനായി ചടങ്ങുകൾ കഴിവതും വെബ്കാസ്റ്റ് ചെയ്യാൻ ശ്രമിക്കണം. ആരാധനാലയങ്ങളോട്  ചേർന്നുള്ള കോൺവെന്റുകളിലും ഹോസ്റ്റലുകളിലും താമസിക്കുന്നവർ സാമൂഹിക അകലം പാലിക്കണം. ഇവർക്കായി ആരാധനാലയങ്ങളിലെ ചടങ്ങുകൾ ടെലികാസ്റ്റ് ചെയ്യണം. ഓശാന ഞായർ. പെസഹ എന്നിങ്ങനെയുള്ള വിശുദ്ധവാര ചടങ്ങുകൾക്ക് പുതുക്കിയ ഉത്തരവ് ബാധകമാണ്. ഓശാന ഞായർ ചടങ്ങുകൾ തത്സമയം കാണാൻ മിക്ക പള്ളികളിലും അവസരമൊരുക്കിയിട്ടുണ്ട്. ഇത് പരമാവധി ഉപയോഗിക്കണമെന്നാണ് പൊതുജനങ്ങളോട് പോലീസ് ആവശ്യപ്പെടുന്നത്.