ആപ്പിൾ ആപ്പ് സ്റ്റോറിൽ തിരിച്ചുവരാതെ ഗൂഗിൾ പേ; പ്രത്യേക മുന്നറിയിപ്പൊന്നും നൽകാതെ ഗൂഗിൾ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ആപ്പിൾ ആപ്പ് സ്റ്റോറിൽ തിരിച്ചുവരാതെ ഗൂഗിൾ പേ; പ്രത്യേക മുന്നറിയിപ്പൊന്നും നൽകാതെ ഗൂഗിൾ

ദില്ലി: ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പേ ആപ്പ് അപ്രത്യക്ഷമായിട്ട് 48 മണിക്കൂറിൽ ഏറെയായിട്ടും തിരിച്ചെത്തിയില്ല. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും കഴിഞ്ഞ ആഗസ്റ്റിലും ഇത്തരത്തിൽ ഗൂഗിൾ പേ അപ്രത്യക്ഷമായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെത്തിയിരുന്നു. പക്ഷെ ഇത്തവണ ഉടൻ തിരിച്ചെത്തും എന്ന് ഗൂഗിൾ അറിയിപ്പ് ഉണ്ടായിട്ടും ഇതുവരെ ആപ്പ് തിരിച്ചെത്തിയിട്ടില്ല.
അതേ സമയം കഴിഞ്ഞ ദിവസം വിവിധ ദേശീയ മാധ്യമങ്ങളോട് സംസാരിച്ച  ഗൂഗിൾ വക്താവ് ഇപ്പോൾ ആപ്പ് സ്റ്റോറിൽ ഗൂഗിൾ പേ ഇല്ലാത്തത് സംബന്ധിച്ച് ഗൂഗിളിൻറെ ഭാഗം വിശദീകരിച്ചിരുന്നു. ആപ്പ് സ്റ്റോറിലെ ആപ്പിലെ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ താൽക്കാലികമായി ആപ്പ് പിൻവലിച്ചുവെന്നാണ് ഗൂഗിൾ പറയുന്നത്. ആൻഡ്രോയ്ഡ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ തടസ്സമില്ലാതെ ഡൌൺലോഡ് ചെയ്യാൻ ലഭ്യമാണ്. 
നിലവിൽ ഐഒഎസ് ഉപകരണങ്ങളിൽ ഗൂഗിൾ പേ ഉപയോഗിക്കുന്ന ചില ഉപയോക്താക്കൾക്ക് കുറച്ചു സമയത്തേക്ക് പേമെൻറ് നടത്താനും തടസം സംഭവിച്ചേക്കും എന്നാണ് ഗൂഗിൾ വക്താവ് അറിയിക്കുന്നത്. ഗൂഗിൾ പേ വീണ്ടും ആപ്പ് സ്റ്റോറിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്നും ഗൂഗിൾ വക്താവ് അറിയിക്കുന്നു.  തടസ്സം നേരിട്ട ഉപയോക്താക്കളുടെ പ്രയാസത്തിൽ ഖേദിക്കുന്നുവെന്നും ഗൂഗിൾ വ്യക്തമക്കി.
ഓൺലൈൻ ഷോപ്പിംഗിനും മറ്റും ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണമെന്നും ഐഒഎസ് ഉപയോക്താക്കളിൽ ചിലർക്ക് ഇത്തരം ഇടപാടുകൾ തടസ്സപ്പെട്ടേക്കാം എന്ന് ഗൂഗിൾ വക്താവ് പറഞ്ഞിരുന്നു എന്നാണ് ന്യൂസ് 18 റിപ്പോർട്ട് പറയുന്നത്. പക്ഷെ അത് ഒരു അറിയിപ്പായി ഇപ്പോഴും ഗൂഗിൾ പേ ഉപയോഗിക്കുന്ന ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമല്ല എന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ ഗൂഗിൾ പേ എന്ന് തിരയുമ്പോൾ റിസൽട്ട് ഒന്നും കാണിക്കുന്നില്ല. എന്നാൽ ചിലപ്പോൾ റീസൻറ് അപ്ഡേറ്റ് ആപ്പ് ലിസ്റ്റിൽ ഗൂഗിൾ പേ കാണിക്കും. പക്ഷെ ഇത് തുറന്നാൽ അപ്ഡേറ്റ് ലഭിക്കില്ല.