ആഗസ്റ്റ് 1 ന്റെനഷ്ടങ്ങൾ......: വി എം മുനീർ 

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ആഗസ്റ്റ് 1 ന്റെനഷ്ടങ്ങൾ......: വി എം മുനീർ 

ആഗസ്റ്റ് 1 ന്റെനഷ്ടങ്ങൾ...... 

അനുസ്മരണം: വി എം മുനീർ

എനിക്ക് വ്യക്തിപരമായും, രാഷ്ട്രീയ പരമായും വലിയ നഷ്ടങ്ങളുണ്ടാക്കിയ ദിവസമാണ് ആഗസ്റ്റ് ഒന്ന്. വ്യത്യസ്തമായ വർഷങ്ങളിലാണെന്ന് മാത്രം.
ഞാനേറെ, ഞാൻ മാത്രമല്ല നമ്മളിൽ ഏറെപേരും ഏറ്റവുമധികം സ്നേഹിക്കുന്ന ഉമ്മ. ഉമ്മയുടെ കാൽപാദത്തിനടിയിലാണ് സ്വർഗമെന്ന് നാം ഏറെ കേട്ട വാക്യങ്ങളാണ്. ആ കാൽച്ചുവട്ടിൽ വളർന്ന് എത്ര കണ്ട് വളർന്ന് പന്തലിച്ചാലും ഉമ്മക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെയായിരിക്കും.ഏറെക്കാലം ഹൃദയ സംബന്ധമായ രോഗം മൂലം വളരെ പ്രയാസം സഹിച്ചാണ് ഉമ്മ ജീവിച്ചത്. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഉമ്മക്ക് ബൈപാസ് സർജറി നടത്തിയത്. അന്ന് ഓണം കേറാമൂലയായിരുന്ന മണിപ്പാലിൽ വെച്ചായിരുന്നു ചികിത്സ.മംഗലാപുരത്ത് ആരോഗ്യരംഗത്ത് ഒരു പുരോഗമനവും ഇല്ലാതിരുന്ന കാലം. യാത്രാ സൗകര്യം പോലും തീരെ കുറഞ്ഞ കാലം. കാസറഗോഡ് നിന്നും മെഹബൂബ് സാഹിച്ചാന്റെ ഉടമസ്ഥതയിലുള്ള രണ്ട് ബസുകൾ മംഗലാപുരം വരെ.എന്റെ ഓർമ്മ ശരിയാണെങ്കിൽ മെഹബൂബും, സക്കീറും അവയുടെ പേരുകൾ.ദിവസത്തിൽ നാല് ട്രിപ്പുകൾ.രാവിലെ രണ്ട്, വൈകുന്നേരം രണ്ട്.കോവിഡുമായി ബന്ധപ്പെട്ട് കാസറഗോഡ് ആശ്പത്രികളില്ലാത്തതും, മംഗലാപുരം കാണിക്കുന്ന ധിക്കാരവും വലിയ രീതിയിൽ സോഷ്യൽ മീഡിയൽ ചർച്ചയായപ്പോൾ എന്റെ ഓർമ്മ തിരിച്ചു പോയത് ഈ ഒരു കാലത്തേക്കായിരുന്നു.10 വർഷത്തെ ഗ്യാരണ്ടിയാണ് ഓപ്പറേഷന് ശേഷം ഡോക്ടർ നൽകിയത്. 15 വർഷം വരെ ഉമ്മക്ക് ഒരു കുഴപ്പവുമില്ലായിരുന്നു.പിന്നീട് ഓരോ ബുദ്ധിമുട്ടുകൾ വന്നു തുടങ്ങി.വർഷത്തിൽ രണ്ട് പ്രാവശ്യമെങ്കിലും ഒരാഴ്ച്ച സമയത്തേക്ക് ആശ്പത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന അവസ്ഥയിലായി.2002 ൽ സെപ്റ്റംബർ മാസത്തിലെ അവസാനം ഉമ്മക്ക് അപ്രതീക്ഷിതമായ അസുഖം പിടിപ്പെട്ടു. കൂടെപ്പിറപ്പുകളെ ആരെയും തിരിച്ചറിയാനാവാത്ത വിധം ഓർമ്മശക്തി നഷ്ടപ്പെട്ടു.മംഗലാപുരത്തെ ഫാദർ മുള്ളർ, ഹൈലാൻഡ് ആശ്പത്രികളിലെ ഇരുപത് ദിവസങ്ങളിലെ ചികിത്സക്ക് ശേഷം യാദൃശ്ചികമായി ഓർമ്മശക്തി തിരിച്ചുകിട്ടി.പിന്നെ മരുന്നുകളും, വേദനകളും കൂട്ടായി വീണ്ടും ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും, വർഷങ്ങളും കഴിച്ചുകൂട്ടി. 2006 ജൂലായ് അവസാനത്തിൽ വീണ്ടും ആശ്പത്രി കിടക്കയിലേക്ക്.വർഷങ്ങളോളം സ്ഥിരം കിടന്നിരുന്ന കെയർവെൽ ഹോസ്പിറ്റലിൽ. അവിടത്തെ ഏകദേശം മുറികളിലും ഉമ്മ കിടന്നിരുന്നു.പക്ഷെ ഇത്തവണ കിടത്തം ഐ.സി.യു.വിലായി.പിന്നെ തിരിച്ച് വന്നത് ഞങ്ങളെ ഒന്നു കാണാൻ കഴിയാത്ത, മിണ്ടാൻ കഴിയാത്ത ഞങ്ങളുടെ പൊന്നുമ്മയാണ്.2006 ആഗസ്റ്റ് ഒന്നിന് സന്ധ്യാനേരത്ത് ഉമ്മ റബ്ബിന്റെ തിരുസന്നിധിയിലേക്ക് തിരിച്ച് വിളിക്കപ്പെട്ടു.( റജബ് മാസം 6).ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഹൂൻ.

2008 ആഗസ്റ്റ് ഒന്നിന് മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ അഗ്രഗണ്യനായ നേതാവ് സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ ഇഹലോകവാസം വെടിയുന്നു.ഞാൻ പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ ദൃഢതയുള്ള നേതാവായിരുന്നു. തന്റെ നിലപാടുകളിലൂന്നി തീരുമാനങ്ങളെടുക്കുമ്പോൾ ചാഞ്ചല്യപ്പെടുന്ന സ്വഭാവം ഉമർ ബാഫക്കി തങ്ങൾക്കുണ്ടായിരുന്നില്ല. പിളർപ്പിന്റെ ഘട്ടത്തിൽ അഖിലേന്ത്യാ ലീഗിന്റെ ഭാഗമാവേണ്ടി വന്നുവെങ്കിലും ഐക്യത്തിന്റെ സാഹചര്യം വന്നപ്പോൾ മുൻപന്തിയിൽ നിന്ന നേതാവായിരുന്നു. ശരീഅത്ത് പ്രശ്നത്തിൽ ഉറച്ച നിലപാടെടുത്തിരുന്നു. വളർന്ന് വരുന്ന പ്രതിഭകൾക്ക് ഏറെ പ്രോത്സാഹനം നൽകിയിരുന്നു. ആരേയും ആകർഷിക്കുന്ന ആകാരഭംഗിയും,വേഷവിധാനവും ,പേരിന്റെ സാമ്യവും പലപ്പോഴും ഭാര്യ പിതാവ് സയ്യിദ് അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു. ആഗസ്റ്റ് ഒന്നിലെ രാഷ്ട്രീയ നഷ്ടമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

2009 ആഗസ്റ്റ് ഒന്ന്  ശനി രാത്രി 8.45ന് ആകസ്മികമായി മതേതര കൈരളിക്ക് ഒന്നടങ്കം നഷ്ടപ്പെട്ട് പോയതാണ് മുസ്ലിം കേരളത്തിന്റെയും, മുസ്ലിം ലീഗിന്റെയും എക്കാലത്തേയും പ്രിയങ്കരനായ നേതാവ് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങളെ.പ്രവാചക പരമ്പരയിലെ നാൽപതാമത്തെ തലമുറ. സ്വന്തം ബാപ്പ പാണക്കാട് പൂക്കോയ തങ്ങളുടെ വിയോഗത്തിന് ശേഷം മുസ്ലിം ലീഗിന്റെ അമരത്ത് ആര് എന്ന ചോദ്യത്തിന് സി.എച്ച് കണ്ടെത്തിയ ഉത്തരമായിരുന്നു ശിഹാബ് തങ്ങൾ.സി.എച്ചിന്റെ നിർദ്ദേശം ഉൾകൊള്ളാൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്നും, വീട്ടിന്റെ ഒന്നാം നിലയിലെ മുറിയിലിരുന്നു കരഞ്ഞുവെന്നും എവിടെയോ വായിച്ചതായി ഓർക്കുന്നു. തങ്ങളുടെ സാന്നിധ്യം ഏവരും ആഗ്രഹിച്ചിരുന്നു. ഒരു രാഷ്ട്രീയക്കാരന് ആവശ്യമെന്ന് നമ്മൾ കരുതുന്ന കാര്യങ്ങൾ തങ്ങൾക്കുണ്ടായിരുന്നില്ല. അറിവിന്റെ നിറകുടമായിരുന്നെങ്കിലും പ്രസംഗത്തിൽ അത് തുളുമ്പിയിരുന്നത് വളരെ സാവധാനത്തിലും, അർത്ഥതലങ്ങളിലുമായിരുന്നു. അദ്ദേഹത്തെ കാണാനും, അനുഗ്രഹം വാങ്ങാനും ആയിരങ്ങൾ വീട്ടിലും, പാർട്ടി ഓഫീസുകളിലും, സമ്മേളനങ്ങൾ നടക്കുന്ന മൈതാനങ്ങളിലുമെത്തിയിരുന്നു.സാധാരണ വീട്ടുമുറ്റത്ത് അടച്ചുറപ്പുണ്ടാക്കുന്നതിന് വേണ്ടിയാണ് ചുറ്റുമതിലും, ഗേറ്റും സ്ഥാപിക്കാറ്. എന്നാൽ തങ്ങളുടെ വീട്ടിലെ ഗേറ്റ് ഒരിക്കലും പൂട്ടിയിരുന്നില്ല.തന്നെ ആശ്രയിച്ചു വരുന്നവർക്ക് തടസ്സം വരാൻ പാടില്ലെന്ന അതിയായ ആഗ്രഹം.ഗേറ്റിന് പാറാവുണ്ടായിരുന്നില്ല. എന്നാൽ സ്വീകരിച്ചു സൽക്കരിക്കാൻ പ്രത്യേക ദൂതൻ സദാ സന്നദ്ധനായിട്ടുണ്ടായിരുന്നു. സമാധാനത്തിന്റെ അമ്പാസഡറായിരുന്നു.കലയേയും, പ്രകൃതിയേയും ഇഷ്ടപ്പെട്ടിരുന്നു.ചെടികൾ വെച്ച് പിടിപ്പിക്കുന്നതിനും, അവ നനക്കുന്നതിനും, അവയെ ലാളിക്കുന്നതിനും ഏറെ താത്പര്യം കാട്ടിയിരുന്നു. വായനയും, യാത്രയും ഇഷ്ടപ്പെട്ടിരുന്നു.ഒരു ജനതയുടെ സ്വകാര്യ അഹങ്കാരവും, പരിരക്ഷയുമായിരുന്നു തങ്ങൾ.34 വർഷക്കാലം മുസ്ലിം ലീഗിന്റെ അമരത്തിരുന്ന് മത സൗഹാർദ്ദത്തിന്റെ വഴിയെന്താണെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത നേതാവായിരുന്നു ശിഹാബ് തങ്ങൾ.വികാര നിർഭരവും, കലുഷിതവുമായ കലാപങ്ങളടക്കം ഒരു പാട് സംഭവങ്ങൾ സ്വതന്ത്ര ഇന്ത്യയിലും, കൊച്ചു കേരളത്തിലും നടന്നപ്പോൾ പോലും തങ്ങൾക്ക് സ്വന്തമായ തീരുമാനങ്ങളും, നിലപാടുകളുമുണ്ടായിരുന്നു.ഒരു പാട് വിമർശനങ്ങളും, ആക്ഷേപങ്ങളും നൈമിഷിക പ്രകടനമായി മാറിയെന്നല്ലാതെ അവസാനത്തെ വിലയിരുത്തൽ ശിഹാബ് തങ്ങളാണ് ശരിയെന്നായിരുന്നു. ആ ശരിയിലൂടെ യാത്ര ചെയ്യാനാണ് ഞാനുൾപ്പടെയുള്ള മുസ്ലിം ലീഗ് പ്രവർത്തകർ ആഗ്രഹിക്കുന്നത്.
ആഗസ്റ്റ് ഒന്നിലെ വലിയ നഷ്ടങ്ങളാണ് എന്റെ ഉമ്മയും, ശിഹാബ് തങ്ങളും, സയ്യിദ് ഉമ്മർ ബാഫക്കി തങ്ങളും. അവരോടൊപ്പം ഞങ്ങളെ നീ സ്വർഗ്ഗത്തിലാക്കണേയെന്ന പ്രാർത്ഥനയോടെ....