അണഞ്ഞു പോയത് രണ്ട് കെടാവിളക്കുകള്‍ ...

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

അണഞ്ഞു പോയത് രണ്ട് കെടാവിളക്കുകള്‍ ...

അണഞ്ഞു പോയത് രണ്ട് കെടാ വിളക്കുകള്‍...

നെല്ലിക്കുന്ന് ഹമീദ് ഹാജിയും, അബൂബക്കര്‍ ഹാജിയും!  ഒരു ദിവസത്തെ ഇടവേളകളില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് രണ്ട് സഹോദരങ്ങളെയാണ്. ഹമീച്ച ഞങ്ങളുടെ കുടുംബത്തിലെ മൂത്ത കാരണവരാണെങ്കില്‍, അവുക്കര്‍ച്ച എനിക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ തരുന്ന എന്‍റെ ജ്യേഷ്ടഠനെന്നതിലുപരി ഒരു സുഹൃത്ത് കൂടിയായിരുന്നു. രണ്ട് പേരുടെയും ആകസ്മികമായ വിയോഗങ്ങള്‍ കുടുംബത്തിനെന്നപോലെ നാട്ടുകാര്‍ക്കും വിലയൊരു ഷോക്കായിരുന്നു. ഈ മഹാമാരിക്കാലത്തുള്ള ഓരോ വേര്‍പാടും താങ്ങാവുന്നതിനപ്പുറമാണ്. ജനിച്ചാല്‍ മരണമെന്നത് സര്‍വ്വശക്തതനായ അള്ളാഹുവിന്‍റെ അലംഘനീയമായ വിധിയാണ്.  എന്നാല്‍ അത്തരം വിയോഗം മനസ്സില്‍ തീര്‍ക്കുന്ന ദുഖത്തിന്‍റെ ആഴം വളരെ വലുതാണ്. വിവരണാതീതമാണ്.

എപ്പോള്‍, എവിടെ വെച്ച് കണ്ടാലും എടായെന്നുള്ള വിളി. രണ്ടുപേരേയും പുഞ്ചിരിച്ചിട്ടല്ലാതെ ഇതുവരെയും കണ്ടിട്ടില്ല. എല്ലാ പ്രതിസന്ധികളേയും  അചഞ്ചലമായി ചിരിച്ചു മാത്രം നേരിട്ട രണ്ട് വ്യക്തിത്വങ്ങള്‍.  അതു മാഞ്ഞു പോയിരിക്കുന്നുവെന്ന് വശ്വസിക്കാന്‍ ഇപ്പോഴും പറ്റുന്നില്ല. ഹമീച്ച ഞങ്ങളുടെ കുടുംബത്തിന്‍റെ  വിളക്കായിരുന്നു. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി കത്തിജ്വലിച്ചു നിന്നു വെളിച്ചം പരത്തിയിരുന്ന കെടാവിളക്ക്. അതുപോലെ കുടുംബ ബന്ധങ്ങള്‍ മുറിഞ്ഞു പോകാതെ കാത്തുനിര്‍ത്താന്‍ വേണ്ടി വെളിച്ചം പരത്തി നിന്ന അവുക്കര്‍ച്ച. രണ്ടു പേരും കുടുംബത്തിന്‍റെയും നാടിന്‍റെയും കെടാ വിളക്കുകള്‍ തന്നെയായിരുന്നു.

ആരു ചെന്നാലും പൂമുഖത്ത് പുഞ്ചിരിച്ചു അവരെ സ്വാഗതം ചെയ്യാന്‍ ഹമീച്ച ഇതുവരെയുണ്ടായിരുന്നു. ഒരു കൈ നല്‍കുന്നത് മറ്റേ കൈ അറിയരുതെന്ന നിര്‍ബ്ബന്ധബുദ്ധിയുണ്ടായിരുന്ന ഹമീച്ച മുന്നിലെത്തുന്ന ഒരാളെയും നിരാശപ്പെടുത്തിയില്ല. അവരുടെ ആവശ്യം അനുസരിച്ച് ഓരോരുത്തരെയും കൈയ്യയച്ചു സഹായിച്ചു. അതില്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുണ്ടായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുണ്ടായിരുന്നു. വീടില്ലാത്തവരുണ്ടായിരുന്നു. പെണ്‍മക്കളുടെ കല്ല്യാണത്തിന് പണമില്ലാതെ വിഷമിക്കുന്നവരുണ്ടായിരുന്നു.  കാസര്‍കോട്ടെ ശതകോടീശ്വരനല്ലാതിരിന്നിട്ടും മക്കളുടെ സമ്പാദ്യത്തിന്‍റെ നല്ലൊരു പങ്കും ജീവകാരുണ്യപ്രവര്‍ത്തനത്തിന് വേണ്ടി ചിലവഴിച്ച തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു ഹമീച്ച.

ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളുടെ ഭൂതകാല ഓര്‍മ്മകള്‍ അദ്ദേഹത്തിനെന്നുമുണ്ടായിരുന്നു. അതു തന്നെയായിരുന്നു മറ്റുള്ളവരുടെ കഷ്ടപ്പാടുകളും വിഷമങ്ങളുമൊക്കെ മനസ്സിലാക്കാന്‍ അദ്ദേഹത്തെ പാകപ്പെടുത്തിയെടുത്തത്. അതിനെല്ലാം പിന്തുണയുമായി സഹധര്‍മ്മിണി ഹവ്വയും. അതോടൊപ്പം തങ്ങള്‍ സമ്പാദിച്ച പണം  മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവഴിക്കാന്‍  ഉപ്പാക്ക് സ്വാതന്ത്ര്യം നല്‍കിയ മക്കളും ഹമീച്ചയുടെ പുണ്യമായിരുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് തൊട്ടു തലേദിവസമാണ്‌ ബന്ധുവായ പെണ്‍കുട്ടിയുടെ വിവാഹത്തിന് നല്ലൊരു തുക അദ്ദേഹം എത്തിച്ച് നല്‍കിയത്. കുടുംബത്തിലെ മാത്രമല്ല നാട്ടിലെ ഓരോരുത്തരെയും ചേര്‍ത്ത് പിടിച്ച കാരണവരായിരുന്നു ഹമീച്ച. ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും മാത്രമല്ല കാസര്‍കോട്ടെ ഓരോരുത്തര്‍ക്കും പറയാനുണ്ടാവും ഹമീച്ചയുടെയും മക്കളുടെയും ഇതുപോലുള്ള ചേര്‍ത്തു പിടിക്കലിന്‍റെ നിരവധി കഥകള്‍.

അതുപോലെ തന്നെയായിരുന്നു അവുക്കര്‍ച്ചയും. അടുത്ത് കിട്ടിയാല്‍ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു കളയും. ലോകത്തെല്ലാത്തിനെപ്പറ്റിയും നിമിഷ നേരം കൊണ്ട് വാചാലനാകും. എന്നെ സംബന്ധിച്ചിടത്തോളം പുതിയ പല അറിവുകളും പകര്‍ന്നു കിട്ടിയത് അവുക്കര്‍ച്ചയില്‍ നിന്നായിരുന്നു. ഞാന്‍ ആദ്യമായി വരയുള്ള നോട്ട് ബുക്കില്‍ ഒരു പൂവിന്‍റെ ചിത്രം വരച്ചത് കണ്ടപ്പോള്‍ തോളില്‍ തട്ടി അഭിനന്ദിച്ചത് ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. ഒരു മൂന്നാം ക്ലാസ്സുകാരസ്സുകാരന് കിട്ടിയ ആദ്യത്തെ അഭിനന്ദനം. അതിന് ശേഷം ഉത്തരദേശത്തില്‍ ലേഖനങ്ങള്‍ അച്ചടിച്ചു വരുമ്പോളും അതിനെപ്പറ്റി സംസാരിക്കും. എഴുതാനായി പുതിയ പുതിയ വിഷയങ്ങള്‍ പറഞ്ഞു തരും.
 
ഇടക്ക് കാണുമ്പോഴെല്ലാം പറയുമായിരുന്നു. ഇപ്പോള്‍ കുടുംബ സംഗമങ്ങളുടെ കാലമാണല്ലോ. പലതായ് ചിതറിക്കിടക്കുന്ന ഉമ്മവഴിയുള്ള കുടുംബാംഗങ്ങളെയെല്ലാം ഒരുമിപ്പിച്ച് നമുക്കും ഒരു കുടുംബ സംഗമം നടത്തണം. പരസ്പരം സന്തോഷം പങ്കിടണം. എന്നാല്‍ കുടുംബാംഗങ്ങളുടെ ഒത്തുചേരലിന് കാത്തു നില്‍ക്കാതെ ഹമീച്ചക്ക് പിന്നാലെ അവുക്കര്‍ച്ചയും യാത്രയായി.

നാളെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ എല്ലാവരും ഒത്തുചേര്‍ന്ന് സന്തോഷം പങ്കിടാന്‍ സര്‍വ്വശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടയെന്ന് മനമുരുകി പ്രാര്‍ത്ഥിക്കുന്നു....
ഷാഫി എ.നെല്ലിക്കുന്ന്